കര്‍ണാടകയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസമാവുന്ന ഹൈക്കോടതി വിധി

single-img
29 January 2014

krകേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജ് നടപ്പാക്കാത്തതിനെതിരെ സമരം നടക്കുമ്പോള്‍ കര്‍ണാടകയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസമാവുകയാണ് ഹൈക്കോടതി വിധി. ദുരിതബാധിതരായ 6,140 പേര്‍ക്ക് താത്കാലിക ആശ്വാസമായി മാര്‍ച്ച് ഒന്നുമുതല്‍ സാമ്പത്തികസഹായം നല്‍കാനാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. കാസര്‍കോടിനോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി ആശ്വാസമാകുന്നത്. ഇടക്കാല ആശ്വാസമായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മാസം നിശ്ചിത തുക സ്റ്റൈപ്പന്‍ഡായി നല്‍കാനാണ് ചീഫ് ജസ്റ്റിസ് ഡി.എച്ച്. വഗേല, ജസ്റ്റിസ് ബി.വി. നാഗരത്തന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെത്തുടര്‍ന്ന് 25 ശതമാനം മുതല്‍ 60 ശതമാനം വരെ ശാരീരികവൈകല്യം സംഭവിച്ചവര്‍ക്ക് മാസം 1500 രൂപയാണ് നല്‍കേണ്ടത്. 60 ശതമാനത്തിലധികം വൈകല്യം സംഭവിച്ചവര്‍ക്ക് മാസം 3000 രൂപ വീതം നല്‍കാനും കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചു. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന 400 രൂപ, 1200 രൂപ ധനസഹായം ഉള്‍പ്പെടുന്നതാണ് പുതിയ സാമ്പത്തികസഹായം. മാര്‍ച്ച് ഒന്നുമുതല്‍ എല്ലാമാസവും ആദ്യ ആഴ്ചയില്‍ തുക ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇതിനായി മൂന്ന് തീരദേശ ജില്ലകളിലെ കളക്ടര്‍മാരോട് ദുരിതബാധിതരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഫിബ്രവരി 26-നുമുമ്പ് ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. ദുരിതബാധിതര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ രക്ഷിതാക്കളുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ അക്കൗണ്ട് ആരംഭിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോടതി സ്വമേധയാ ഹര്‍ജി പരിഗണിക്കുകയായിരുന്നു. മാര്‍ച്ച് ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും.