ആം ആദ്മി ഡെമോക്രാറ്റിക്‌ രൂപീകരിക്കാന്‍ പോകുന്നവരെ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു :ആം ആദ്മി പാര്‍ട്ടി കേരള വക്താവ് കെ പി രതീഷ്‌

single-img
29 January 2014

ആം ആദ്മി പാര്‍ട്ടി ഡെമോക്രാറ്റിക്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നവരെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു എന്ന് ആം ആദ്മി പാര്‍ട്ടി കേരള വക്താവ് കെ പി രതീഷ്‌ ഇ- വാര്‍ത്തയോട് പ്രതികരിച്ചു. ഗ്രൂപ്പ് -സമാന്തരപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇവരെ പുറത്താക്കിയത്.

അവരെ പുറത്താക്കാന്‍ തങ്ങള്‍ക്കധികാരമുണ്ട്.സ്ഥാപക മെമ്പര്‍ പദവി അവര്‍ക്ക് മാത്രമല്ല തങ്ങളടക്കം കേരളത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഈ പദവി ഉള്ളവരാണ്.അത്കൊണ്ട് ഈ വാദത്തിനു നിലനില്‍പ്പില്ല എന്നും രതീഷ്‌ പറഞ്ഞു.കേരളത്തിലെ സംസ്ഥാന സമിതി അംഗങ്ങള്‍ പോലും  ആം ആദ്മിയുടെ ദേശീയ കൌണ്‍സിലില്‍ അംഗങ്ങളല്ല. പിന്നെ എങ്ങനെ ആണ്ത ഈ പുറത്താക്കപ്പെട്ടവര്‍ അതില്‍ അംഗങ്ങള്‍ ആകുക എന്നും രതീഷ്‌ ചോദിക്കുന്നു. തങ്ങളെ പുറത്താക്കാന്‍ നിലവിലുള്ള സംസ്ഥാന സമിതിക്ക് അധികാരമില്ല എന്നു വിമത നേതാവ്  ബാബുരാജ് ഇന്നലെ ഇ- വാര്‍ത്തയോട്  പറഞ്ഞിരുന്നു.

കേരളത്തില്‍ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത് താനും മനോജ്‌ പദ്മനാഭനും അടക്കമുള്ള ആളുകളാണെന്ന് രതീഷ്‌ അവകാശപ്പെടുന്നു.2012 നവംബര്‍ ഇരുപത്തിയാറിനു ഡല്‍ഹിയില്‍ നടന്ന ആം ആദ്മി രൂപീകരണയോഗത്തില്‍ നിരവധി പ്രവാസികള്‍ അടക്കം നിരവധി  മലയാളികള്‍ പങ്കെടുത്തിരുന്നു.അന്ന് പങ്കെടുത്ത എല്ലാവരും സ്ഥാപക മെമ്പര്‍മാര്‍ ആണ്.രതീഷ്‌ തുടര്‍ന്നു.

ഫെബ്രുവരി രണ്ടിന് നടന്ന യോഗം രഹസ്യ യോഗം ഒന്നുമായിരുന്നില്ല . അതില്‍  ബാബുരാജും അമല്‍രാജും അജിത്കുമാറും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.പങ്കെടുത്തില്ല എന്ന അവകാശവാദം കള്ളമാണ്.ഇവര്‍ ഈ യോഗത്തില്‍ സംബന്ധിക്കുന്നതിന്റെ ചിത്രങ്ങളും രതീഷ്‌ ഇ-വാര്‍ത്തയ്ക്കു കൈമാറി.എന്നാല്‍ ഈ യോഗത്തില്‍ സംബന്ധിക്കുന്നതിന് ഇരുനൂറു രൂപാ ഫീസ്‌ ഉണ്ടായിരുന്നത് അടക്കാന്‍ അവര്‍ തയ്യാറായില്ല.ഇത് “ആം ആദ്മി” രീതി അല്ല അമീര്‍ ആദ്മി രീതി ആണ് എന്ന് ആരോപിച്ചു കൊണ്ടാണ് അവര്‍ പൈസ അടക്കാഞ്ഞത് .ഇക്കാരണം കൊണ്ട് തന്നെ ആ മീറ്റിംഗിന്റെ രജിസ്റ്ററില്‍ അവരുടെ പേരില്ല.

ഔദ്യോഗിക പക്ഷം  പ്രശാന്ത് ഭൂഷന്റെ ഗ്രൂപ്പ് ആണെന്നും തങ്ങള്‍ അരവിന്ദ് കെജരിവാളിന്റെ ഗ്രൂപ്പ് ആണെന്നുമാണ് വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ഗ്രൂപിസം നിലവില്‍ ഇല്ലെന്നും പ്രശാന്ത് ഭൂഷണിന് ആണ് കേരളത്തിന്റെ ചുമതല എന്നതുകൊണ്ട്‌ മാത്രമാണ് അദ്ദേഹം കേരള ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് എന്നും രതീഷ്‌ പറഞ്ഞു.പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ആം ആദ്മി പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

 

Related News:

1.കേരളത്തില്‍ ആംആദ്മി പിളര്‍ന്നു; എഎപി (ഡമോക്രാറ്റിക്) നിലവില്‍ വന്നു

2.ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചത് ജനാധിപത്യപരമായല്ലെന്നു വിമതര്‍