1984-ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം : കെജരിവാള്‍

single-img
29 January 2014

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനേത്തുടര്‍ന്നു 1984-ല്‍ ഉണ്ടായ സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നു അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് ഡല്‍ഹി നഗരത്തില്‍ ആയിരുന്നു.

പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്ന കാര്യം താന്‍ ഡല്‍ഹി ലഫ്റ്റ:ജനറലിനോട് സംസാരിച്ചു എന്നും അദ്ദേഹം പോസിറ്റീവ് ആയാണ് പ്രതികരിച്ചത് എന്നും കെജരിവാള്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യവും അതിന്റെ വ്യവസ്ഥകളും അടുത്ത ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കൊണ്ഗ്രസ്സിനു പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.എന്നാല്‍  “കലാപത്തെക്കുറിച്ച് എങ്ങനെ ഉള്ള അന്വേഷണത്തെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു ” എന്ന് കോണ്ഗ്രസ് വക്താവ് രണ്ദീപ് സുജ്രെവാല പറഞ്ഞു.

കോണ്ഗ്രസ് വൈസ് പ്രസിഡന്റ്‌ രാഹില്‍ ഗാന്ധി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി 2002-ലെ ഗുജറാത്ത് കലാപം കൈകാര്യം ചെയ്ത രീതിയും കോണ്ഗ്രസ് 1984-ലെ കലാപം കൈകാര്യം ചെയ്ത രീതിയും താരതമ്യം ചെയ്തിരുന്നു.മോഡി കലാപത്തെ സഹായിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ തങ്ങള്‍ കലാപം ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നും രാഹുല്‍ അവകാശപ്പെട്ടു.