ബി ജെ പിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം : വി മുരളീധരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ കത്ത്

single-img
29 January 2014

ബി ജെ പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു.വി. മുരളീധരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു.ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനാണ് ശോഭാ സുരേന്ദ്രന്‍  പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സിപിഐ(എം)ലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ശോഭയുടെ കത്ത്. രണ്ടായിരത്തിലധികം പ്രവര്‍ത്തകരാണ് ബിജെപി വിട്ട് സിപിഐഎമ്മിലേക്ക് പോയത്. ഇവരുടെ അഭിപ്രായങ്ങള്‍ക്ക് മുരളീധരന്‍ ചെവിക്കൊണ്ടില്ല. പാലക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബലിദാനികളുടെ മണ്ണായ കണ്ണൂരില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയത് പ്രത്യശാസ്ത്രവിയോജിപ്പുകള്‍ കൊണ്ടല്ല. മറിച്ച് വി മുരളീധരന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ വിട്ട് പോകാന്‍ കാരണമെന്നും കത്തില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നു. . ബിജെപിക്ക് രാജ്യവ്യാപകമായി അനുകൂല അന്തരീക്ഷമുള്ളപ്പോള്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് ജനറല്‍ സെക്രട്ടറിമാരെ മാത്രം വരുത്തി തീരുമാനം എടുത്ത് സംഘടനയെ ദുര്‍ര്‍ബലപ്പെടുത്തുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.

എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി പുറത്താക്കിയ 53 പേരാണ് സിപിഐഎമ്മിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് പുറമെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കും അവ പരാതി നല്‍കി. സംസ്ഥാനനേതൃത്വത്തിനെതിരെ ദേശീയ നിര്‍വ്വഹാക സമിതി അംഗം തന്നെ രംഗത്തെത്തിയതോടെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.