ടി പി വധക്കേസ് : സി പി എം നേതാക്കള്‍ അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം

single-img
28 January 2014

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളില്‍ 11 പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ലംബു പ്രദീപിന് മൂന്നുവര്‍ത്തെ കഠിന തടവും ലഭിച്ചു.

ഒന്നാം പ്രതി എം സി അനൂപിന് ജീവപര്യന്തം തടവും 50000രൂപ പിഴയുമാണ് ശിക്ഷ, രണ്ടാം പ്രതി കിര്‍മാണി മനോജിനും ഇതേ ശിക്ഷയാണ്. മൂന്നാം പ്രതി കൊടി സുനിക്കും, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍ സിജിത്ത്, ഏ‍ഴാം പ്രതി കെ ഷിനോജ് എന്നിവര്‍ക്കും ജീവപര്യന്തമാണ്. സിപിഎം നേതാക്കളായ കുഞ്ഞനന്തനും കെ സി രാമചന്ദ്രനും ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്. ലംബു പ്രദീപിന് മൂന്ന് വര്‍ഷത്തെ കഠിന തടവും 25,000 രൂപയുമാണ് ശിക്ഷ വിധിച്ചത്.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട കൊടി സുനി, കിര്‍മാണി മനോജ് എന്നിവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൈയ്യില്‍ വെച്ചതിനും ശിക്ഷ ലഭിച്ചു. കൊടി സുനിക്ക് ജീവപര്യന്തത്തിന് പുറമെ പത്തു വര്‍ഷം കഠിനതടവും, കിര്‍മാണി മനോജിന് ജീവപര്യന്തത്തിന് പുറമെ അഞ്ച് വര്‍ഷം കഠിനതടവുമാണ് ലഭിച്ചത്. കൊലപാതകത്തിന് ശേഷം വാളുകള്‍ ഒളിപ്പിച്ച കുറ്റത്തിനാണ് ലംബു പ്രദീപന് മൂന്നുവര്‍ഷത്തെ കഠിന തടവ് വിധിച്ചത്.

നേരത്തെ ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ കൊലയാളി സംഘാംഗങ്ങള്‍ക്കും വധഗൂഢാലോചന നടത്തിയ പികെ കുഞ്ഞനന്തന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും വായപ്പടച്ചി റഫീഖിനും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ പി.കെ കുഞ്ഞനന്തന്‍ അടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം തങ്ങള്‍ക്ക് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികളും വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.