സൌത്ത് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കൊള്ള: തോക്ക് ചൂണ്ടി ഏഴു കോടി രൂപയും ഹോണ്ടാ സിറ്റി കാറും തട്ടിക്കൊണ്ടുപോയി

single-img
28 January 2014

സൌത്ത് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ഏഴു കോടി രൂപയുമായി കാറില്‍ പോയ വ്യക്തിയെ തോക്ക് ചൂണ്ടി കാറും പണവും അപഹരിച്ചതായി പരാതി.ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.

താന്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ട് പോയ തുകയാണ് കൊള്ളയടിക്കപ്പെട്ടതെന്നു പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു.മൂല്‍ചന്ദ് ഫ്ലൈ ഓവറിനടുത്തു  വെച്ച് പെട്ടെന്നു ഒരു വാഗണ്‍ ആര്‍ തന്റെ ഹോണ്ടാ സിറ്റി കാറിന്റെ മുന്‍പില്‍ നിര്‍ത്തുകയും അതില്‍ നിന്നിറങ്ങിയ സംഘം തന്റെയും കാറിലുള്ള മറ്റുള്ളവരുടെയും നേര്‍ക്ക്‌ തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുക്കുകയായിരുന്നു എന്നും അയാള്‍ പറഞ്ഞു. സംഘം അവരുടെ വാഗണ്‍ ആര്‍ ഉപേക്ഷിച്ച ശേഷം തന്റെ കാറുമായി പോകുകയായിരുന്നു. കാറില്‍ ഏഴു കോടി രൂപ ഉണ്ടായിരുന്നതായി അയാള്‍ അവകാശപ്പെട്ടു.

അക്രമികള്‍ ഉപേക്ഷിച്ചു പോയ വാഗണ്‍ ആര്‍ നേരത്തെ മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി.അതുപോലെ പരാതിക്കാരന്റെ കാറിനെ പിന്തുടര്‍ന്ന് വന്നിരുന്ന മറ്റൊരു ഹ്യൂണ്ടായ് വെര്‍ണ്ണാ കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു.അതിലുണ്ടായിരുന്ന രണ്ടു പേര്‍ കൊള്ളസംഘത്തിന്റെ കൂട്ടാളികള്‍ ആണെന്നാണ്‌ പോലീസ് ഭാഷ്യം.ഈ കാര്‍ പിന്നീട് ഡിഫന്‍സ് കോളനിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.