സ്വര്‍ണ ഇറക്കുമതിയില്‍ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ധനമന്ത്രാലയം

single-img
28 January 2014

goldസ്വര്‍ണ ഇറക്കുമതിയില്‍ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ധനമന്ത്രാലയം  വെളിപ്പെടുത്തി. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി അപ്പോഴേക്കും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷംവരെ ഇന്ത്യയാണ് സ്വര്‍ണം ഏറ്റവും കൂടുതല്‍ വാങ്ങിക്കൊണ്ടിരുന്ന രാജ്യം. എന്നാല്‍, കറന്റ് അക്കൗണ്ട് കമ്മി കുത്തനെ ഉയര്‍ന്ന് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ വന്‍ആഘാതമേല്‍പ്പിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു തവണയാണ് കഴിഞ്ഞ കൊല്ലം ഇറക്കുമതിത്തീരുവ കൂട്ടിയത്. ഈ തീരുവ നിലവില്‍ പത്തുശതമാനത്തിലെത്തി നില്‍ക്കുന്നു. ഇതില്‍ ഇളവു വരുത്തണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു.സ്വര്‍ണഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നടപ്പുസമ്പദ്‌വര്‍ഷം അവസാനത്തോടെ ഇളവുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാക്കാനായെന്ന് ഉറപ്പാക്കാനായാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ. നിയന്ത്രണം വന്നതോടെ രാജ്യത്തേക്ക് പ്രതിമാസം ഒന്നുമുതല്‍ മൂന്നുവരെ ടണ്‍ സ്വര്‍ണം കള്ളക്കടത്തുവഴി എത്തുന്നുണ്ട്. എന്നാല്‍, ഇറക്കുമതി കുറയ്ക്കാന്‍ നിയന്ത്രണം അനിവാര്യമായിരുന്നു-മന്ത്രി പറഞ്ഞു. കസ്റ്റംസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയന്ത്രണത്തെത്തുടര്‍ന്ന് ഈയിടെ സ്വര്‍ണ ഇറക്കുമതി പകുതിയിലധികമായി കുറഞ്ഞിട്ടുണ്ട്. നവംബറില്‍ ഇത് 21 ടണ്‍ ആയിരുന്നു. വിപണിയില്‍ സ്വര്‍ണത്തിന്റെ വിലകൂടാനും നിയന്ത്രണം കാരണമായി. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, നടപ്പുസാമ്പത്തികവര്‍ഷം 5,000 കോടി ഡോളറില്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 8,780 കോടി ഡോളറായിരുന്നു. കമ്മിയിലെ ഈ കുറവാണ് നിയന്ത്രണം നീക്കാനുള്ള പ്രേരണ നല്‍കുന്നത്.