സ്വവര്‍ഗരതി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വീണ്ടും : കേന്ദ്രസര്‍ക്കാരും സാമൂഹ്യ പ്രവര്‍ത്തകരും നല്‍കിയ റിവ്യൂ ഹര്‍ജ്ജി നിരുപാധികം തള്ളി

single-img
28 January 2014

സ്വവര്‍ഗരതി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നുള്ള നിലപാട് സുപ്രീം കോടതി ആവര്‍ത്തിച്ചു. സ്വവര്‍ഗരതി നിരോധിച്ചു കൊണ്ടു നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ  കേന്ദ്രസര്‍ക്കാരും സാമൂഹ്യപ്രവര്‍ത്തകരും നല്‍കിയ റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നടപടി.

കഴിഞ്ഞ ഡിസംബറില്‍ ആണ് പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ള IPC  377  ഭരണഘടനാപരമായി സാധുവാണെന്നും അത്പ്ര കാരം സ്വവര്‍ഗരതി കുറ്റകരമാണെന്നുമുളള റൂളിംഗ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.2009-ല്‍ ഡല്‍ഹി ഹൈക്കോടതി ഈ വകുപ്പിനെ മരവിപ്പിച്ചു കൊണ്ട് സ്വവര്‍ഗരതിയെ സാധുവാക്കി വിധി പുറപ്പെടുവിച്ചിരുന്നു.

വിധിയില്‍ നിരാശയുണ്ടെന്നും മറ്റൊരു ഹര്‍ജ്ജി സമര്‍പ്പിക്കുമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.വിധിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.ഇത്തരം പഴഞ്ചന്‍ നിയമങ്ങള്‍ മാറ്റേണ്ട കാലം അതിക്രമിച്ചു എന്ന് കേന്ദ്രമന്ത്രി കപില്‍സിബല്‍ പറഞ്ഞു.ലക്ഷക്കണക്കിന്‌ ആളുകള്‍ ഈ നിയമത്തിന്റെ ഇരയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ ” ( Back to  square one)  എന്നാണു ഈ രംഗത്ത്‌ വളരെക്കാലം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ മൈത്രേയന്‍ ഇ വാര്‍ത്തയോട് പ്രതികരിച്ചത്.സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലെയ്ക്ക് പോകേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.