അമേരിക്കയില്‍ ഇന്ത്യന്‍വേദപണ്ഡിതരുടെ തിരോധാനം : ദുരൂഹത തുടരുന്നു

single-img
27 January 2014

ചിക്കാഗോ : അമേരിക്കയില്‍ ചെറുപ്പം മുതല്‍ സ്ഥിര താമസമാക്കിയിരുന്ന 163-ഓളം വരുന്ന ഇന്ത്യന്‍ വേദിക് പണ്ഡിറ്റുകളുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. കൌമാരപ്രായം മുതലേ അമേരിക്കയിലേയ്ക്ക് കുടിയേറുകയും  മഹാഋഷി മഹേഷ്‌യോഗിയുടെ പേരിലുള്ള സ്ഥാപനങ്ങളായ മഹാഋഷി വേദിക് സിറ്റി,മഹാഋഷി യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ്‌ എന്നീ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നവരുമായ വിദ്യാര്‍ഥികളെ ആണ് ഒരു വര്‍ഷമായി കാണാതായിരിക്കുന്നത്.

ചിക്കാഗോ ആസ്ഥാനമായ ഒരു ഇന്ത്യന്‍ പത്രമാണ്‌ ഈ വിഷയം ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.എന്നാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ ഈ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ഒരു ശ്രമവും നടത്തുന്നില്ല എന്നും ആരോപണം ഉണ്ട്.ഏതാണ്ട് 1050-ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആണ് അവിടെ ഉണ്ടായിരുന്നത്.

“ലോകസമാധാന വിദഗ്ദര്‍ (world peace professionals)” എന്നറിയപ്പെടുന്ന ഈ വേദപണ്ഡിതര്‍ എവിടെപ്പോയി എന്ന് മഹേഷ്‌ യോഗി നടത്തുന്ന Global Country of World Peace (GCWP) നു പോലും അറിയില്ല.അവര്‍ സ്ഥാപനത്തിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള  അമേരിക്കന്‍ സ്വപ്‌നങ്ങള്‍ തേടിപ്പോയതാകും എന്നാണു അവരുടെ ഭാഷ്യം. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഈ പ്രോജക്ടിലെയ്ക്ക് റിക്രൂട്ട് ചെയ്തത് GCWP ആണ്.”  യുദ്ധമില്ലാത്ത സമാധാനത്തിന്റെ ലോകം സൃഷ്ടിക്കുക” എന്നതാണ്  ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് അവര്‍ പറയുന്നു.

മഹാഋഷി വേദപണ്ഡിതര്‍ ആകാന്‍ ഉള്ള റിക്രൂട്ട്മെന്റില്‍ ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന ഗ്രാമങ്ങളില്‍ നിന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ള കുട്ടികളെ ആണ് തെരഞ്ഞെടുത്തത്.അവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസവും അതിനു ശേഷം വേദപഠനവും വേദപണ്ഡിതരായി ഉള്ള ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

എംബസി നിയമങ്ങള്‍ പ്രകാരം ഏതെങ്കിലും ഇന്ത്യന്‍ പൌരനെ കാണാതാവുകയും അയാളുടെ പാസ്പോര്‍ട്ട്‌ നമ്മുടെ കൈവശം ഉണ്ടായിരിക്കുകയും ചെയ്താല്‍ ആ പാസ്പോര്‍ട്ട് അടിയന്തിരമായി ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിക്കണം.എന്നാല്‍ കാണാതായ കുട്ടികളുടെ പാസ്പോര്‍ട്ട് കൈവശമുള്ള GCWP ഇതുവരെ ഇത് റിപ്പോര്‍ട ചെയ്യുകയോ പാസ്പോര്‍ട്ട് എത്തിക്കുകയോ ചെയ്തിട്ടില്ല എന്ന് ചിക്കാഗോയിലെ ഇന്ത്യല്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇത് ദുരൂഹതകളുടെ ആക്കം കൂട്ടിയിട്ടുണ്ട് .