പാമോലിന്‍കേസിലെ വിജിലന്‍സ് കോടതി വിധിയ്ക്കു ഹൈക്കോടതിയുടെ സ്റ്റേ

single-img
27 January 2014

കൊച്ചി; പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കാത്ത കോടതി നടപടിക്ക് രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

വിവാദമായ പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു.കേസ് പിന്‍വലിക്കുന്നത് സാമൂഹികനീതിക്കും പൊതുതാത്പര്യത്തിനും എതിരാകും എന്നു ചൂണ്ടിക്കാട്ടിയാണ് തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജ് കെ. ഹരിപാല്‍ നേരത്തെ ഹര്‍ജി തള്ളിയത്. തുടര്‍വാദങ്ങള്‍ക്കായി കേസ് ഫിബ്രവരി 22 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും സമര്‍പ്പിച്ച ഹരജികളിലായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്.

2013 സപ്തംബറിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള അപേക്ഷ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതിനുമുമ്പത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ 2005 ജനവരിയില്‍തന്നെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ അത് റദ്ദാക്കുകയായിരുന്നു.

കേസ് തുടരുന്നതിന് സര്‍ക്കാറിന്റെ അനുമതിയില്ല, മൂന്ന് സാക്ഷികള്‍ മരണപ്പെട്ടു, അഴിമതി ആരോപിക്കുന്ന സ്‌റ്റോര്‍ പര്‍ച്ചേസ് റൂള്‍ ഇതിനു ബാധകമല്ല തുടങ്ങിയ കാര്യങ്ങളാണ് കേസ് പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ ഉന്നയിച്ചത്.