വ്യവസായ സ്ഥാപനങ്ങളുടെ രഹസ്യങ്ങളും അമേരിക്കയുടെ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയിരുന്നു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍

single-img
27 January 2014

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍ എസ് എ ) ചോര്‍ത്തിയിരുന്നതായി മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍  എഡ്വേര്‍ഡ് സ്നോഡന്‍ വെളിപ്പെടുത്തി. ജര്‍മ്മനിയിലെ എ ആര്‍ ഡി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആണ് സ്നോഡന്റെ പുതിയ വെളിപ്പെടുത്തല്‍.

അമേരിക്കന്‍ കമ്പനികളോട് കിടമത്സരം നടത്തുന്ന ജര്‍മ്മന്‍ കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എന്‍ എസ് എ മുന്‍കൈ എടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ എഞ്ചിനിയറിങ് സ്ഥാപനമായ സീമെന്‍സും രഹസ്യാനേഷണ ഏജന്‍സി ലക്ഷ്യമിട്ടവയില്‍ ഒന്നായിരുന്നുവെന്ന് സ്‌നോഡന്‍ എ.ആര്‍.ഡി ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ കൊന്നുകളയാന്‍ ഇടയുണ്ടെന്നും റഷ്യയില്‍ അഭയം തേടിയ സ്നോഡന്‍ ആരോപിച്ചു.

യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രത്തലവന്മാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്‌നോഡനു മേല്‍ അമേരിക്ക ചാരവൃത്തി ആരോപിച്ച് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ സഖ്യകക്ഷികളുടേയും സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുടേയും രഹസ്യങ്ങള്‍ ചോര്‍ത്തരുതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എയോട് നിര്‍ദേശിച്ചിരുന്നു.