ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവും കൂടിക്കാഴ്ച്ച നടത്തി

single-img
27 January 2014

laluവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ബീഹാറില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവും കൂടിക്കാഴ്ച്ച നടത്തി. ന്യൂദല്‍ഹിയില്‍ വച്ചാണ് സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും കൂടിക്കാഴ്ച്ച നടത്തിയത്.അതേസമയം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ലാലു പ്രസാദ് യാദവ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും രാം വിലാസ് പാസ്വാന്റെ ജനശക്തി പാര്‍ട്ടിയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ലാലു പ്രതികരിച്ചു.കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവ്ശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 40 ലോക്‌സഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ ലാലുവിന്റെ ആര്‍.ജെ.ഡിക്ക് നാല് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റുമാണുള്ളത്.സഖ്യത്തില്‍ താനും അംഗമായിരിക്കുമെന്ന് പ്രാദേശിക നേതാവായ രാം വിലാസ് പാസ്വാനും അറിയിച്ചിട്ടുണ്ട്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.എന്നാല്‍ 2009ല്‍ ഒറ്റക്ക് സംസ്ഥാനത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിട്ടത്.