ടോള്‍ ആവശ്യപ്പെട്ടാല്‍ ആക്രമിക്കാനും അടിച്ചു തകര്‍ക്കാനും പാര്‍ട്ടി പ്രവര്‍ത്തകരോട് രാജ് താക്കറെയുടെ ആഹ്വാനം

single-img
27 January 2014

മഹാരാഷ്ട്രയില്‍ എവിടെയും ടോള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാനും ടോള്‍ ബൂത്തുകള്‍ അടിച്ചു തകര്‍ക്കാനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.ആഹ്വാനം നടത്തിയതിനു തൊട്ട് പിന്നാലെ പ്രവര്‍ത്തകര്‍ മുംബൈ നഗരപ്രാന്തത്തിലുള്ള ഒരു ടോള്‍ ബൂത്ത്‌ അടിച്ചു തകര്‍ക്കുകയും ചെയ്തു.

താനെയിലുള്ള ഒരു ടോള്‍ബൂത്തിലേയ്ക്ക് എം എന്‍ എസ് പ്രവര്‍ത്തകര്‍ ഇടിച്ചു കയറുകയും ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ സി സി ക്യാമറ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.ദിവസങ്ങള്‍ക്കു മുന്‍പാണ് കോലാപ്പൂരിലെ ഒരു ടോള്‍ ബൂത്ത്‌ ശിവസേനാ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.

സര്‍ക്കാര്‍ നികുതിയില്‍ നിന്നുള്ള ഫണ്ട് വേണ്ട രീതിയില്‍ ഉപയോഗിക്കാതെ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണു രാജ് താക്കറെയുടെ ആരോപണം. കരാര്‍പണിക്കാര്‍ കള്ളക്കണക്കുകള്‍ കാണിച്ചു സര്‍ക്കാരിനെയും ജനങ്ങളെയും പറ്റിക്കുകയാണ് എന്നും താക്കറെ ആരോപിച്ചു.

ടോള്‍ ബൂത്തുകള്‍ക്ക് നേരെയുള്ള ഭീഷണികള്‍ കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ പോലീസിന്  ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.