സുനന്ദ പുഷ്‌കറുടെ മരണത്തെ സംബന്ധിച്ച അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍

single-img
25 January 2014

sasiസുനന്ദ പുഷ്‌കറുടെ മരണത്തെ സംബന്ധിച്ച അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍.  സുനന്ദ പുഷ്‌കറിനെ ഏതെങ്കിലും തരത്തില്‍ ശശി തരൂര്‍ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും  ഇരുവരും തമ്മില്‍ നല്ല രീതിയിലുള്ള ദാമ്പത്യമാണ് ഉണ്ടായിരുന്നതെന്നും   കേണല്‍ രാജേഷ് പുഷ്‌കര്‍ പറഞ്ഞു. അന്വേഷണം വേഗത്തിലാക്കിയാല്‍ ഊഹാപോഹങ്ങള്‍ തടയാമെന്നും രാജേഷ് പുഷ്‌കര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നത്. സഹോദരിയുടെ മരണം സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അപകീര്‍ത്തികരമാണെന്നും അതില്‍ തനിക്കും പിതാവിനും ദുഃഖമുണ്ടെന്നും രാജേഷ് പുഷ്‌കര്‍ പറഞ്ഞു.നിഷ്‌കളങ്കയായ തന്റെ സഹോദരി പലപ്പോഴും എടുത്തുചാടി അഭിപ്രായങ്ങള്‍ പറയുകയും പിന്നീട് തിരുത്തുകയും ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നുവെന്നും രാജേഷ് പുഷ്‌കര്‍ പറഞ്ഞു. എങ്കിലും ധൈര്യശാലിയായ തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നേരത്തെ സുനന്ദയുടെ മകന്‍ ശിവ് മേനോനും ശശി തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നിരിന്നു.