പള്ളിയില്‍ പോയ കന്യാസ്ത്രീകള്‍ക്കു നേരേ അക്രമം; സന്യാസിനിക്കു പരിക്ക്

single-img
25 January 2014

Paravur.10പറവൂരില്‍ രാവിലെ പള്ളിയിലേക്കു പോകുകയായിരുന്ന കന്യാസ്ത്രീകള്‍ക്കു നേരെ ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവിന്റെ ആക്രമണത്തില്‍ ഒരു സന്യാസിനിക്ക് പരിക്കേറ്റു. ഇവരെ പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെ പള്ളിത്താഴം സെന്റ് ജോസഫ്‌സ് കൊത്തലെംഗോ ദേവാലയത്തിലേക്കു പോവുകയായിരുന്ന കാറ്റക്കിസ്റ്റ് സിസ്‌റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാര്‍ട്ട് സഭയുടെ പ്രതീക്ഷാ കോണ്‍വന്റിലെ സന്യാസിനികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

സന്യാസിനിമാര്‍ പള്ളിയിലേക്ക് പുറപ്പെടാന്‍ വേണ്ടി കോണ്‍വെന്റിലെ ഗേറ്റ് അടച്ചുകൊണ്ടിരിക്കേ ബൈക്കിലെത്തിയ അക്രമി മുമ്പേ നടക്കുകയായിരുന്ന സിസ്റ്റര്‍ മേഴ്‌സീനയെ അടിച്ചശേഷം കൈയില്‍ പിടിച്ചുവലിച്ചുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്നു. ബൈക്കിനു വേഗം കൂടിയതോടെ സിസ്റ്റര്‍ റോഡില്‍ വീണെങ്കിലും അക്രമി പിടിവിട്ടില്ല. കുറച്ചു ദുരം സിസ്റ്ററെ റോഡില്‍ കൂടി വലിച്ചിഴച്ച ശേഷം ബഹളം കേട്ടു സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ബൈക്കില്‍ അതിവേഗം ഓടിച്ചുപോയി.

റോഡില്‍ വീണു പരിക്കേറ്റ സിസ്റ്റര്‍ മേഴ്‌സീനയെ ഉടനെ ആശുപത്രിയിലെത്തിച്ചു. പറവൂര്‍ പോലീസില്‍ പരാതി നല്‍കി. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചു.