പത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം :കശ്മീരിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് കരസേന

single-img
25 January 2014

കാശ്മീരിലെ പത്രിബാലില്‍ തീവ്രവാദികള്‍ എന്നാരോപിച്ച് ഏഴു ഗ്രാമീണരെ കൊലപ്പെടുത്തിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് കരസേന.പാക്കിസ്ഥാന്‍  തീവ്രവാദികള്‍ എന്നാരോപിച്ച് ഏഴുപേരെ കൊലപ്പെടുത്തിയതിനു അഞ്ചു പട്ടാളഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു.കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ പിന്നീട്  മറവു ചെയ്തിരുന്ന സ്ഥലത്ത് നിന്ന് കുഴിച്ചെടുത്തപ്പോള്‍ ആണ് അവര്‍ കാണാതായ ഗ്രാമീണര്‍ ആണ് എന്ന് മനസ്സിലാക്കിയത്.

സി ബി ഐ ഈ കേസ് അന്വേഷിക്കുകയും ഈ കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആണ് എന്ന് തെളിയിക്കുകയും ചെയ്തിരുന്നു.രണ്ടു വര്ഷം മുന്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ള വിചാരണ സിവില്‍ കോടതിയിലാണോ പട്ടാളക്കോടതിയില്‍ ആണോ നടത്തേണ്ടത് എന്ന് സുപ്രീം കോടതി ആര്മിയോടു അഭിപ്രായം ആരാഞ്ഞിരുന്നു.സിവില്‍ കോടതിയിലെ വിചാരണയെ ആര്‍മി ശക്തമായി എതിര്‍ക്കുകയും വിചാരണ പട്ടാളക്കോടതിയില്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ഗ്രാമവാസികള്‍ അടക്കം അമ്പതോളം സാക്ഷികളലെ വിചാരണ ചെയ്തെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ ആയില്ല എന്നാണു കരസേനയുടെ വാദം.

കരസേനയുടെ നിലപാട് നിര്‍ഭാഗ്യകരമായിപ്പോയി എന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.പത്രിബാല്‍ കേസ് അങ്ങനെ അവസാനിപ്പിക്കാവുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.