ഇടുക്കി സീറ്റ്നെ ചൊല്ലി തിരഞ്ഞെടുപ്പിന് മുൻപേ യു ഡി എഫിൽ പൊട്ടിത്തെറി

single-img
25 January 2014

thomasലോക് സഭ സീറ്റിനായുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പേ ഇടുക്കി സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം മുറുകുന്നു. സീറ്റില്‍ അവകാശവാദം ഉന്നയിച്ച് നിലവിലെ എം.പി പി.ടി തോമസും കേരള കോണ്‍ഗ്രസ് (എം) നേതാവ് ഫ്രാന്‍സിസ് ജോര്‍ജും ഇപ്പോൾ തന്നെ രംഗത്തെത്തി കഴിഞ്ഞു . സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു . തനിക്ക് യുഡിഎഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം തന്നോട് അഭിപ്രായം തേടിയതായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ രൂപത ആസ്ഥാനത്ത് എത്തിയാണ് കണ്ണന്താനം ബിഷപ്പിനെ സന്ദര്‍ശിച്ചത്.

എന്നാൽ കോണ്‍ഗ്രസ് അനുവദിച്ചാല്‍ ഇടുക്കിയില്‍ തന്നെ വീണ്ടും മല്‍സരിക്കുമെന്നും മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും പി.ടി.തോമസ് എം.പി പറഞ്ഞു. സീറ്റിനായുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ അവകാശവാദം മുന്നില്‍കണ്ടായിരുന്നു എം.പി യുടെ പ്രതികരണം. എന്നാല്‍ ഇടുക്കി സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും , കേരളകോണ്‍ഗ്രസിന്റെ ആവശ്യം മുന്നണി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് വിരുദ്ധത നേട്ടമാക്കി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. കേരളാകോണ്‍ഗ്രസ് (എം) നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കാനായിരുന്നു നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റും വേണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ സിറ്റിംഗ് സീറ്റായ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.