അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും

single-img
25 January 2014

schoolഅമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങാനിരിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌. നിലവിലുള്ള ജേതാക്കളായ കോഴിക്കോട് കപ്പ് തിരികെ കൊണ്ടുപോവുമോ, അതോ സ്വന്തം മണ്ണില്‍ പാലക്കാട് കപ്പ് കൈയടക്കുമോ, അതല്ല ഇരുവരെയും മറികടന്ന് അയല്‍പ്പക്കക്കാരായ തൃശ്ശൂര്‍ ഉത്സവങ്ങളുടെ മണ്ണില്‍നിന്ന് പൂരപ്പെരുമയുടെ നാട്ടിലേക്ക് കപ്പ് കൊണ്ടുപോവുമോ. നിമിഷങ്ങള്‍ക്കും കാത്തിരിപ്പിനും ചൂടേറുകയാണ്.ആതിഥേയരായ പാലക്കാട്‌ 877 പോയിന്റുമായി മുന്നിലാണ്‌. കോഴിക്കോടിന്‌ 875 പോയിന്റ്‌ ഉണ്ട്‌. ഇവരില്‍ ആരും കീരിടമുയര്‍ത്തിയാലും അതു ചരിത്രമാകും .ഇഞ്ചോടിഞ്ചു നടക്കുന്ന പോരാട്ടത്തിനൊടുവില്‍ കോഴിക്കോട്‌ കീരിടമുയര്‍ത്തിയാല്‍ സാമൂതിരിയുടെ നാട്ടിലേക്ക്‌ സുവര്‍ണ്ണകപ്പ്‌ പോകുന്നത്‌ 13-ാം തവണയാവും, തുടര്‍ച്ചയായി എട്ടാം തവണയും. പാലക്കാടിന്റെ കൈകളിലേക്കാണ്‌ കീരിടം എത്തുന്നതെങ്കില്‍ സ്വന്തംമണ്ണില്‍ അവര്‍ കലയുടെ രാജാക്കന്‍മാരാവും. രണ്ടാം തവണ ഏറ്റുവാങ്ങുവാനുള്ള ഭാഗ്യവും ഇവര്‍ക്ക്‌ ലഭിക്കും. ഇതിനു മുന്‍പ്‌ 2006-ല്‍ എറണാകുളത്തു നടന്ന കലോത്സവത്തിലാണ്‌ പാലക്കാട്‌ കീരിടമണിഞ്ഞിട്ടുള്ളത്‌. 1991-ലാണ്‌ കോഴിക്കോട്‌ ആദ്യമായി കലയുടെ അധിപന്‍മാരായത്‌. പിന്നീട്‌ 1992, 1993ലും വിജയം ആവര്‍ത്തിച്ചു. പിന്നീട്‌ 2001-ലാണ്‌ കോഴിക്കോടിനു കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. 2002-ല്‍ വിജയം ആവര്‍ത്തിച്ചു. 2007 കണ്ണൂര്‍ കലോത്സവം വരെ കാത്തിരിക്കേണ്ടി വന്നു പിന്നീട്‌ കീരിടം സ്വന്തമാക്കാന്‍. അന്നു സ്വന്തമാക്കിയ കീരിടം പിന്നീട്‌ ഇതുവരെ അവര്‍ വിട്ടു നല്‍കിയിട്ടില്ല. എന്നാല്‍ പതിവിനു വിപരീതമായി ഇത്തവണ പാലക്കാട്‌ സ്വന്തം മണ്ണില്‍ കനത്ത പോരാട്ടമാണ്‌ കോഴിക്കോടിനെതിരെ ഉയര്‍ത്തുന്നത്‌. വൈകുന്നേരം നാലിനാണ് സമാപനസമ്മേളനം.