അന്യസംസ്ഥാന യാത്രയ്ക്ക് ചിലവേറും, നിര്‍മ്മാണ സാമഗ്രികള്‍ക്കും മദ്യത്തിനും വിലകൂടും, മൈദയ്ക്കും ഉഴുന്നുപൊടിക്കും വിലകുറയും

single-img
24 January 2014

Maniകേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന കടുത്ത നിര്‍ദ്ദേശങ്ങളടങ്ങിയ ബജറ്റാണ് കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ക്കും കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കും വന്‍തോതിലാണ് വില വര്‍ദ്ധിക്കുവാന്‍ പോകുന്നത്.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പുതിയ നികുതി പരിഷ്‌ക്കാരത്തിലൂടെ ചെലവേറും. ആഡംബര വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ ഒറ്റത്തവണ നികുതി എല്ലാം വര്‍ധിപ്പിച്ചിട്ടുണ്ട്.

ടാക്‌സി, ഓട്ടോ നിരക്കുകള്‍ വര്‍ദ്ധന ഉറപ്പാക്കിക്കൊണ്ട് ഓട്ടോറിക്ഷകളുടെ നികുതിയും വര്‍ധിപ്പിച്ചു. 1500 സിസിയില്‍ കൂടുതലുള്ള ടാക്‌സി കാറുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തി. പുഷ്ബാക്ക്, സ്ലീപ്പര്‍ ബര്‍ത്തുകളുള്ള വാഹനങ്ങളില്‍ നിന്ന് മൂന്നു മാസം കൂടുമ്പോള്‍ നികുതി പിരിക്കും. അന്തര്‍സംസ്ഥാന പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 1000 രൂപ ത്രൈമാസ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാന പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 2000 രൂപ ത്രൈമാസ നികുതിയും ഏര്‍പ്പെടുത്തി. ആധുനിക സജ്ജീകരണങ്ങളുള്ള കാരവന്‍ വാഹനങ്ങള്‍ക്ക് തറവിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 1000 രൂപ ത്രൈമാസ നികുതി ഏര്‍പ്പെടുത്തും.

ബജറ്റിനെതുടര്‍ന്ന് മദ്യത്തിന്റെ വില വര്‍ദ്ധിക്കുമെന്നുറപ്പായി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 10 ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണ സാമഗ്രികളായ മെറ്റല്‍, പാരപ്പൊടി തുടങ്ങിയവയുടെ വിലയും വര്‍ധിക്കും. 12.5 ശതമാനം ആഡംബര നികുതി ഫ്‌ളാറ്റുകള്‍ക്ക് ഏര്‍പ്പെടുത്തി. യുപിഎസ്, ഇന്‍വെര്‍ട്ടര്‍, അലുമിനിയം പാനല്‍ എന്നിവയ്ക്ക് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.

വില കുറയുന്നത് നാമമാത്രമായ സാധനങ്ങള്‍ക്കാണെന്നുള്ളത് ബജറ്റിനെതിരെ ജനങ്ങളുടെ പ്രതിഷേധം യരുമെന്നുറപ്പായിക്കഴിഞ്ഞു. എല്‍പിജി, മൈദ, ഗോതമ്പുപൊടി, ഉഴുന്നുപൊടി, വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മധുര പലഹാരങ്ങള്‍, എല്‍ഇഡി ബള്‍ബ്, ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കാണ് വില കുറയുന്നത്.