സമുദായം മാറി പ്രണയിച്ചതിനു ഖാപ് പഞ്ചായത്തിന്റെ കാടന്‍ ശിക്ഷ : പശ്ചിമബംഗാളില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

single-img
23 January 2014

കൊല്‍ക്കൊത്ത  : ഖാപ്പ് പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ഡസനിലധികം ആളുകള്‍ ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതി.അന്യ സമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായി എന്ന കുറ്റത്തിനാണ് ഇരുപതുകാരിയായ യുവതിയെ കാടന്‍ രീതിയില്‍ ശിക്ഷിച്ചത്. പശ്ചിമബംഗാളിലെ ബീര്‍ഭം ജില്ലയിലാണ് സംഭവം.

ഒരു രാത്രി മുഴുവന്‍ തന്റെ അയല്‍ക്കാരായ ആളുകള്‍ ചേര്‍ന്ന് തന്നെ പലതവണ ബലാല്‍സംഗം ചെയ്തതായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന യുവതി പോലീസിനു മൊഴി നല്‍കി.അതില്‍ താന്‍ അമ്മാവനെന്നും അപ്പൂപ്പനെന്നും വിളിച്ചിരുന്നവര്‍ വരെ ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു.ഇതിനിടയില്‍ തിരിച്ചറിയാന്‍ കഴിഞ്ഞ പതിമൂന്നു പേരുടെ പ്രുകള്‍ യുവതി പോലീസിനോട് പറഞ്ഞു.യുവതിയുടെ മൊഴിപ്രകാരം ഈ പതിമൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബീര്‍ഭം ജില്ലയിലെ സുബാല്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.യുവതിയുടെ വീട്ടില്‍ അവരുടെ സുഹൃത്തായ യുവാവിനെ കണ്ടപ്പോള്‍ ഗ്രാമവാസികള്‍ രണ്ടുപേരെയും പിടികൂടുകയായിരുന്നു.ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഗ്രാമക്കോടതി കൂടുകയും യുവതിയും യുവാവും 25000രൂപാ വീതം “ജോരിമാന” എന്ന പിഴയോടുക്കുകയും ചെയ്യാന്‍ ആവശ്യപ്പെട്ടു.യുവാവിന്റെ സഹോദരന്‍ പിഴയൊടുക്കി അയാളെ മോചിപ്പിച്ചു.എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് പിഴയോടുക്കാന്‍ നിവൃത്തി ഇല്ലായിരുന്നു .അതിനാല്‍ ഗ്രാമത്തലവന്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

യുവതിയുടെ കുടുംബം ബുധനാഴ്ച ഗ്രാമത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച ശേഷം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.അഞ്ച്  വർഷങ്ങൾക്ക് മുൻപ് ഇതേ ജില്ലയിൽ അന്യ സമുദായക്കാരനെ പ്രേമിച്ച പെൺകുട്ടിയെ നഗ്നയാക്കി നടത്തിയ സംഭവം വൻ വിവാദമായിരുന്നു.രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ജനിച്ചത്‌ ബീര്‍ഭം  ജില്ലയിലാണ് .