സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന്‌ ശശി തരൂര്‍ കേന്ദ്ര മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ തള്ളി.

single-img
23 January 2014

ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന്‌ ശശി തരൂര്‍ കേന്ദ്ര മാനവശേഷി സഹമന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ തള്ളി. നേരത്തെ തരൂര്‍ മന്ത്രിപദവിയില്‍നിന്നു മാറി നില്‍ക്കണമെന്ന്‌ യു.പി.എ. സഖ്യകക്ഷിയായ എന്‍.സി.പി. ആവശ്യപ്പെട്ടിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്‌. തരൂര്‍ ഉത്തരവാദിത്വമുള്ള മന്ത്രിയാണെന്നും കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണെന്നും പാര്‍ട്ടി വക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല പറഞ്ഞു. തരൂരിനെ പാര്‍ട്ടി ദേശീയ വക്‌താവ്‌ കൂടിയായി കോണ്‍ഗ്രസ്‌ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
അതിനിടെ, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്‌ തരൂരിനെ ചോദ്യം ചെയ്യുമെന്ന്‌ ഡല്‍ഹി പോലീസ്‌ വ്യക്‌തമാക്കി. സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും ഇതു സ്വാഭാവികമായി സംഭവിച്ചതോ, ആത്മഹത്യയോ, കൊലപാതകമോ എന്നന്വേഷിക്കണമെന്ന്‌ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പൂര്‍ണ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും ലഭിച്ചു കഴിഞ്ഞാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കുമെന്നും തരൂരിനെ ചോദ്യം ചെയ്യുമെന്നും പോലീസ്‌ അറിയിച്ചു.