ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയെ കുറിച്ച്‌ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ ആത്മീയാചാര്യന്‍ തല്ലി

single-img
23 January 2014

sanyaബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയെ കുറിച്ച്‌ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ ആത്മീയാചാര്യന്‍ തല്ലിയതായി റിപ്പോര്‍ട്ട്‌.ദ്വാരകാ പീഠം ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയാണ്‌ വിവാദത്തില്‍ കുടുങ്ങിയത്‌. ബിജെപിയെ കുറിച്ചും നരേന്ദ്രമോഡിയെ കുറിച്ചും ചോദിച്ച ചാനല്‍ പ്രവര്‍ത്തകനാണ്‌ തല്ല്‌ കിട്ടിയത്‌.മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു മതചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാന്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്നും സംഭവത്തിന്‌ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്‌ രാഷ്‌ട്രീയ നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും ശങ്കരാചാര്യര്‍ പിന്നീട്‌ വ്യക്‌തമാക്കി.സംഭവത്തെ പ്രതിരോധിക്കാന്‍ ആദ്യമെത്തിയത്‌ കോണ്‍ഗ്രസായിരുന്നു. അത്തരം ഒരു വേദിയില്‍ മത നേതാക്കളോട്‌ ഇത്തരം ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നെന്ന്‌ കോണ്‍ഗ്രസ്‌ പ്രതികരിച്ചു. അതു മാത്രമല്ല സ്‌നേഹത്തോടെയാണ്‌ തല്ലിയതെന്നും സ്‌ഥലത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു. അതേസമയം മതനേതാക്കള്‍ മതങ്ങളുടെ പതാകവാഹകരാണെന്നും സത്യവും ധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കേണ്ടവരാണെന്നും അവര്‍ ക്ഷമയുടെ പര്യായമാണെന്നും ബിജെപിയുടെ സംസ്‌ഥാന നേതാക്കള്‍ പ്രതികരിച്ചു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകുന്നതിനോട്‌ തനിക്ക്‌ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ എന്ത്‌ വേണമെന്ന്‌ ജനങ്ങളാണ്‌ തീരുമാനിക്കുന്നതെന്ന്‌ പിന്നീട്‌ ശങ്കരാചാര്യ പ്രതികരിച്ചു.