കെജരിവാളിന്റെ സമരം ഒത്തു തീര്‍പ്പാക്കിയതിനു ഷിന്‍ഡേയ്ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം

single-img
23 January 2014

അരവിന്ദ് കെജരിവാള്‍ ദില്ലിയില്‍ നടത്തി വന്ന സമരം സമാധാനപരമായി ഒത്തുതീര്‍പ്പാക്കിയതിനു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയ്ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ദില്ലിയിലെ തങ്ങളുടെ പ്രധാന്‍ എതിരാളികളായ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജരിവാളും അകപ്പെട്ട രാഷ്ട്രീയ പദ്മവ്യൂഹം തങ്ങള്‍ക്കു ഗുണകരമാംവണ്ണം ഉപയോഗിക്കാതെ അവസാനിപ്പിച്ചതില്‍ ആണ് രാഹുല്‍ ഗാന്ധിയ്ക്ക് അമര്‍ഷം.

ചൊവ്വാഴ്ച രാത്രി തന്റെ വീട്ടില്‍ വെച്ച് ചേര്‍ന്ന ഉന്നത കോണ്ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ ഈ വിമര്‍ശനം.തന്റെ അമ്മ സോണിയ അടക്കമുള്ള ഉന്നതനേതാക്കളുമായി ആലോചിക്കാതെ എന്തിനാണ് കേജരിവാളിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

കെജരിവാള്‍ സസ്പെന്ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട അഞ്ചു പോലീസ് ഉദ്യോഗസ്ഥരെയും നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാനും അന്വേഷണം നടത്താനും തയ്യാറാണ് എന്ന് ഷിന്‍ഡേ പ്രഖ്യാപിച്ചിരുന്നു.അതിനു ശേഷമാണ് കെജരിവാള്‍ സമരം അവസാനിപ്പിച്ചത്.

എന്നാല്‍ ഷിന്‍ഡേ സമരം കൈകാര്യം ചെയ്ത രീതിയില്‍ രാഹുലിന് അതൃപ്തി ഉണ്ട് എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്  എന്ന് കോണ്ഗ്രസ് വക്താവ് അജയ് മാക്കന്‍ പ്രതികരിച്ചു.