നമോവിചാര്‍ മഞ്ച് പിരിച്ചുവിട്ട് എ.അശോകനും, ഒ.കെ. വാസുവും സിപിഎമ്മിലേക്ക്

single-img
23 January 2014

Namoബിജെപിയില്‍ നിന്നു നീതി ലഭിക്കില്ലെന്നു ബോധ്യപ്പെട്ടതിനാല്‍ നമോ വിചാര്‍ മഞ്ച് എന്ന സംഘടനയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ബിജെപി മുന്‍ ദേശീയ സമിതിയംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ ഒ.കെ. വാസു, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.അശോകന്‍ എന്നിവര്‍ അറിയിച്ചു.

വാസു നമോവിചാര്‍ മഞ്ച് ജില്ലാ പ്രസിഡന്റായും അശോകന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജാതി-മത ചിന്തകള്‍ക്ക് അതീതമായി സാധാരണക്കാര്‍ക്കു താങ്ങും തണലുമായി നിലകൊള്ളുന്നതും ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നും നിലനിര്‍ത്തുകയും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ സിപിഎമ്മുമായി സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായും ഇരുവരും വ്യക്തമാക്കി.

കെ. രഞ്ജിത്തിനെ ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു മാറ്റണമെന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിക്കാത്ത ബിജെപി. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയിലെ രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം ബിജെപി വിട്ടതായി ഒ.കെ. വാസുവും എ. അശോകനും പറഞ്ഞു.