ടി പി വധക്കേസ് ഗൂഢാലോചന സി ബി ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

single-img
23 January 2014

ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ  ഗൂഢാലോചന സംശയാതീതമായി തെളിയിക്കുന്നതില്‍ പരാജയപ്പെട്ട കേരളാ സര്‍ക്കാര്‍ പക്ഷെ ടി പി യെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഗൂഢാലോചനഅന്വേഷിക്കാന്‍ സി ബി ഐയുടെ സഹായം തേടാനിടയുണ്ടെന്നു റിപ്പോര്‍ട്ട്.

2009ല്‍ നടന്ന വധ ശ്രമ ഗൂഢാലോചന സംബന്ധിച്ചു വടകര ചോംമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐക്കു വിടുന്നത്. എഡിജിപി (ക്രൈംസ്) വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് ഇടയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ടിപി വധക്കേസ് വിചാരണയ്ക്കിടെ മരിച്ച എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്‍ ഉള്‍പ്പെട്ട ആ കേസില്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, തലശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ എന്നിവരാണു പ്രതികള്‍. 2012 സെപ്റ്റംബറില്‍ പ്രത്യേക അന്വേഷണസംഘം ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

ഈ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ ചന്ദ്രശേഖരനെതിരെ സിപിഎം ഉന്നത നേതൃത്വം ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നു പുറത്തുവരുമെന്നും അത് രാഷ്ട്രീയമായി അവര്‍ക്കു വന്‍ തിരിച്ചടിയാകും എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ടി പി കേസില്‍ സര്‍ക്കാരും സിപിഎമ്മും തമ്മില്‍ ഒത്തുകളിച്ചു എന്ന ആരോപണത്തിനും ഇത് മറുപടിയാകുമെന്ന് ഭരണ നേതൃത്വം കരുതുന്നു.

അതേസമയം ടിപി വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യതകള്‍ ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണനയിലാണ്. ടിപി വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും പിണറായി വിജയന്‍ തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.