പ്രമുഖ തെലുങ്ക്‌ നടന്‍ അക്കിനേനി നാഗേശ്വര റാവു ( എ എന്‍ ആര്‍ ) അന്തരിച്ചു

single-img
22 January 2014

Akkineni Nageswara Raoതെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നായിരുന്നുഅന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.എ.എന്‍.ആര്‍ എന്നാണ് അദ്ദേഹത്തിന്റെ സിനിമലോകത്തെ വിളിപ്പേര്.നടനും നിര്‍മ്മാതാവുമായി 75 വര്‍ഷം തെലുങ്ക് സിനിമയില്‍ നിറഞ്ഞു വ്യക്തിത്വമായിരുന്നു നാഗേശ്വര റാവു.

തെലുങ്ക്. തമിഴ്, ഹിന്ദി ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 1941 ല്‍ ധര്‍മ്മപത്‌നിയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. കൃഷിക്കാരനായി ജീവിതം തുടങ്ങി നാടകരംഗത്ത് കൂടിയാണ് നാഗേശ്വരറാവു അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സ്ത്രീവേഷങ്ങളിലൂടെ അദ്ദേഹം ആദ്യകാലങ്ങളില്‍ ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് അഭിനയം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് നാഗേശ്വരറാവു സ്ത്രീ വേഷങ്ങള്‍ ചെയ്ത് തകര്‍ത്താടിയത്. ഹരിശ്ചന്ദ്ര, കനകതാര, വിപ്രനാരായണ, സത്യാന്വേഷണം തുടങ്ങിയവ അദ്ദേഹം നിറഞ്ഞാടിയ നാടകങ്ങളാണ്.

തെലുങ്ക് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും നാഗേശ്വര റാവുവിന് അവകാശപ്പെട്ടതാണ്. ദാസരി നാരായണ റാവു സംവിധാനം ചെയ്ത നാഗേശ്വരറാവുവിന്‍്റെ പ്രേമാഭിഷേകം തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് ദാദ സാഹിബ് പുരസ്‌കാരവും പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും നല്‍കി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു നാഗേശ്വരറാവു.

മൃതദേഹം വീട്ടിലും അന്നപൂർണ സ്റ്റുഡിയോയിലും പൊതുദർശനത്തിന് വച്ചു.