ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരെല്ലാം കുറ്റക്കാരാണെന്ന് ഇന്നറിയാം

single-img
22 January 2014

tpടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരെല്ലാം കുറ്റക്കാരാണെന്ന് ഇന്നറിയാം.വിധി പുറപ്പെടുവിക്കുന്ന മാറാട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി പരിസരം ഇന്നലെ രാത്രി മുതല്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. 600 സായുധ സേനാംഗങ്ങളാണു കോടതി പരിസരത്തു വിവിധ സ്‌ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌.രാവിലെ പതിനൊന്ന് മണിയോടെ ചേരുന്ന കോടതിയില്‍ ജഡ്ജി ആര്‍. നാരായണപിഷാരടി വിധിപ്രഖ്യാപനം നടത്തും. 76 പ്രതികളില്‍ 36 പേരാണ് വിധി പ്രതീക്ഷിക്കുന്നത്. ഇതില്‍ സി.പി.എം. നേതാക്കളായ പി. മോഹനന്‍, പി.കെ. കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍, കെ. ധനഞ്ജയന്‍, കെ.കെ. കൃഷ്ണന്‍, ട്രൗസര്‍ മനോജ്, ജ്യോതിബാബു, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരും കൊലയാളി സംഘാംഗങ്ങളായ കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ. രജീഷ്, എം.സി. അനൂപ്, കെ.കെ. മുഹമ്മദ് ഷാഫി, കെ. ഷിനോജ്, അണ്ണന്‍ സിജിത്ത് എന്നിവരും ഉള്‍പ്പെടും.2012 മേയ്‌ നാലിനു രാത്രി പത്തേകാലോടെ വള്ളിക്കാട്‌ ടൗണില്‍ വച്ച്‌ ഏഴംഗ കൊലയാളി സംഘം ടി.പി.യെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്‌. ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണസംഘം പ്രതിചേര്‍ത്ത 76 പേരില്‍ 36 പേരാണു വിചാരണ പൂര്‍ത്തിയായപ്പോള്‍ പ്രതിപ്പട്ടികയില്‍ അവശേഷിക്കുന്നത്‌. എന്നാൽ അതെ സമയം തന്നെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി സി.പി.എമ്മിന് നിര്‍ണായകമാവും.

ചന്ദ്രശേഖരന്റെ കൊലപാതകംപോലെ സി.പി.എമ്മിനെ രാഷ്ട്രീയമായി ഉലച്ച മറ്റൊരു സംഭവം അടുത്തെങ്ങും ഉണ്ടായിട്ടില്ല.കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും സി.പി.എം. നേതൃത്വം ഒറ്റപ്പെടുന്ന അവസ്ഥവരെ കാര്യങ്ങളെത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ച പരസ്യനിലപാടുകളും ഇക്കാര്യത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.കുറേക്കൂടി കര്‍ക്കശമായി പാര്‍ട്ടിയെ ആക്രമിച്ച് തന്റെ നിലപാടില്‍ ഉറച്ചുനിന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയുടെ അലയൊലികള്‍ അടങ്ങുംമുമ്പാണ് കേസിലെ വിധിവരുന്നതെന്നതും ശ്രദ്ധേയം. വിധി പാര്‍ട്ടിക്കെതിരായാല്‍ വി.എസ്. എന്തു നിലപാടെടുക്കുമെന്ന കാര്യവും ആകാംക്ഷയോടെ നിരീക്ഷിക്കുകയാണ് കേരളം.