കേരളം കാത്തിരുന്ന വിധി വന്നു; 12 പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷ വ്യാഴാഴ്ച

single-img
22 January 2014

jailമാസങ്ങളായി കേരളം കാത്തിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പ്രഖ്യാപിച്ചു. 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തി. 24 പ്രതികളെ കോടതി വെറുതെവിട്ടു. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ഷിനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് കൊല നടത്തിയതെന്ന് കോടതിക്ക് ബോധ്യമായി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ മാസ്റ്റര്‍, നേതാക്കളായ കെ.കെ.കൃഷ്ണന്‍, പടയങ്കണ്ടി രവീന്ദ്രന്‍, ജ്യോതി ബാബു എന്നിവരും വെറുതെവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍, കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, പി.വി.റഫീഖ്, എം.കെ.പ്രദീപന്‍ എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്‌ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണപിഷാരടി ഉത്തരവിട്ടു.

ടി.പിയെ കൊലപ്പെടുത്തിയതില്‍ നേരിട്ടു പങ്കുള്ള ഏഴുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പുറമേ അന്യായമായി സംഘം ചേരല്‍, ആയുധം കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളും കോടതി ചുമത്തി. കിര്‍മാണി മനോജ്, കൊടി സുനി എന്നീ പ്രതികള്‍ക്കെതിരേ സ്‌ഫോടക വസ്തുക്കള്‍ കൈവശംവെച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇവരെ സഹായിച്ചു, കുറ്റകൃത്യം മറച്ചുവെച്ചു എന്നീ കുറ്റങ്ങളാണ് പി.വി.റഫീഖ്, എം.കെ.പ്രദീപന്‍ എന്നിവര്‍ക്കെതിരേ ചുമത്തിയത്.

76 പ്രതികളെയാണ് അന്വേഷണ സംഘം നല്‍കിയ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നത്. ഇതില്‍ രണ്ടു പേര്‍ വിദേശത്തേയ്ക്ക് കടക്കുകയും രണ്ടു പേരെ തെളിവില്ലെന്നും കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു. പിന്നീട് 15 പേര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതോടെ ഇവരും കേസ് നടപടികളില്‍ ഉണ്ടായില്ല. തുടര്‍ന്ന് 57 പേരായിരുന്നു വിചാരണ നേരിട്ടത്. ഇടക്കാല വിധിയില്‍ 20 പേരെ വെറുതെ വിട്ടതോടെ 37 പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. എന്നാല്‍ വിചാരണയ്ക്കിടയില്‍ ഒമ്പതാം പ്രതി സി.എച്ച് അശോകന്‍ മരിച്ചതോടെ 36 പേരായി പ്രതിപ്പട്ടികയില്‍. ഇതില്‍ 12 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്‌ടെത്തിയതും ശേഷിക്കുന്ന 24 പേരെ വെറുതെവിടുകയും ചെയ്തത്.

630 ദിവസം നീണ്ട നടപടികള്‍ക്കൊടുവിലാണ് കേസിലെ പ്രതികളെ കോടതി കണ്‌ടെത്തിയത്. ഈ മാസം 31-നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.