തലസ്ഥാനത്തെ എ ടി എം കവര്‍ച്ച : മൂന്നു ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

single-img
22 January 2014

atm lootingകോഴിക്കോട് : തലസ്ഥാന നഗരത്തിലെ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് ബിഹാര്‍ സ്വദേശികള്‍ പിടിയിലായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.ഐ. കെ. ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം ജില്ലയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഇവരെ കോഴിക്കോട്ടെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്താത്തതുകൊണ്ട് പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം നഗരത്തിലെ പേരൂര്‍ക്കട, ജവഹര്‍ നഗര്‍ , കേശവദാസപുരം എന്നിവിടങ്ങളില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കവര്‍ച്ച നടത്തിയത് ഇവരാണെന്ന് വ്യക്തമായിട്ടുണ്ട്. പേരൂര്‍ക്കടയില്‍നിന്ന് 20,000 രൂപയാണ് മോഷ്ടിച്ചത്. സമാനമായ സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിട്ടുണ്ട്. ഇത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കൊല്ലം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടെ മറ്റിടങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.

രണ്ട് യന്ത്രങ്ങളുള്ള എ.ടി.എം. കൗണ്ടറുകളിലാണ് ഇവര്‍ കൂടുതലായും കവര്‍ച്ച നടത്തിയിട്ടുള്ളത്. ആദ്യം എ.ടി.എം. യന്ത്രത്തില്‍ കമ്പിതിരുകിയോ മറ്റോ  പ്രവര്‍ത്തനരഹിതമാക്കും. ഇതിനുശേഷം കൗണ്ടറിലെത്തുന്നയാള്‍ എ.ടി.എം. ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിക്കില്ല. എന്നാല്‍ , കാര്‍ഡ്‌നമ്പര്‍ യന്ത്രം രേഖപ്പെടുത്തിയിട്ടുണ്ടാവുകയും ചെയ്യും. ഏതു പിന്‍നമ്പറാണ് രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് തൊട്ടടുത്ത യന്ത്രത്തിനരികില്‍ നില്‍ക്കുന്ന കവര്‍ച്ചസംഘാംഗം നിരീക്ഷിക്കും.
പണം ലഭിക്കാതെ ഉപയോക്താവ് പുറത്തിറങ്ങിയ ഉടന്‍ സംഘത്തിലെ രണ്ടാമന്‍കൂടി കൗണ്ടറില്‍ കയറും. നേരത്തേ സ്ഥാപിച്ച കമ്പി വലിച്ചെടുത്ത ശേഷം നോക്കിവെച്ച പിന്‍നമ്പര്‍ രേഖപ്പെടുത്തും. ഇങ്ങനെയാണ് പണം തട്ടുന്നത്. കൗണ്ടറിലെ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാനും സംഘം ശ്രമിക്കും. എന്നാല്‍, ചിലയിടങ്ങളില്‍നിന്ന് ലഭിച്ച ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്.