തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്‌ക്കും ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന്‌ ധനമന്ത്രി കെ.എം മാണി

single-img
22 January 2014

maniതൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്‌ക്കും ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന്‌ ധനമന്ത്രി കെ.എം മാണി. ഉല്‍പാദനമേഖലയെ ശക്‌തിപ്പെടുത്താനും അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക്‌ പ്രാധാന്യം നല്‍കും. യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യവും ആശയവിനിമയശേഷിയും വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും. കൃഷി അധിഷ്‌ഠിത വ്യവസായങ്ങള്‍ക്കും മേഖലയുടെ ആധുനികവല്‍ക്കരണത്തിനും കൂടുതല്‍ പ്രോത്സാഹനം നല്‍കും. കാര്‍ഷികമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയില്‍ നിന്നുള്ള വിഹിതം കുറഞ്ഞുവരുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. നേരത്തെ 30 ശതമാനമുണ്ടായുരുന്ന വിഹിതം ഇപ്പോള്‍ പത്തു ശതമാനമായി ചുരുങ്ങി. ഈ സാഹചര്യത്തില്‍ കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കേണ്ടതും ആധുനികവല്‍ക്കരണം നടപ്പാക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കും. മാലിന്യനിര്‍മ്മാര്‍ജനത്തിന്‌ പുതിയ പദ്ധതികള്‍ നടപ്പിലാക്കും. നികുതി ഘടനയില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന്‌ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ സാധാരണക്കാരുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും കെ.എം മാണി വ്യക്‌തമാക്കി.