ഉഗാണ്ടന്‍ വനിതകളുടെ പരാതി : സോമനാഥ് ഭാരതിക്ക് ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടീസയച്ചു

single-img
22 January 2014

ഉഗാണ്ടന്‍ വനിതകളുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ സോമനാഥ ഭാരതിക്ക് സമന്‍സ് അയച്ചു. ഡല്‍ഹി നിയമമന്ത്രി ആണ്മ സോമനാഥ ഭാരതി. മന്ത്രിയടങ്ങുന്ന സംഘം തങ്ങളെ കയ്യേറ്റം ചെയ്തു എന്ന ഉഗാണ്ടന്‍ യുവതികളുടെ പരാതിയിന്മേല്‍ ആണ് കമ്മിഷന്റെ നടപടി .വനിതാ കമ്മിഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കണം എന്നാണു സമന്‍സ്  ആവശ്യം.

ജനുവരി പതിനഞ്ചാം തീയതി രാത്രി മന്ത്രിയും കൂട്ടാളികളും അടങ്ങുന്ന സംഘം തങ്ങളെ കയ്യേറ്റം ചെയ്തു എന്ന പരാതിയുമായി അഞ്ചു ഉഗാണ്ടന്‍ വനിതകള്‍ വനിതാ കമ്മിഷന് മുന്‍പാകെ മൊഴി നല്‍കിയതായി ദില്ലി വനിതാ കമ്മിഷന്റെ ചെയര്‍പെര്‍സണ്‍ ബര്‍ഖാ സിംഗ് പറഞ്ഞു.ഇന്നലെ തന്നെ കമ്മിഷന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാരതി ഹാജരായില്ല എന്നും ഇനിയും ഹാജരായില്ല എങ്കില്‍ നടപടി ആവശ്യപ്പെട്ടു ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ലഫ്റ്റ: ജനറലിനും നോട്ടീസ് അയയ്ക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

പരാതി നല്‍കിയതില്‍ മൂന്നു പേരെ അവരുടെ മുറിയില്‍ കയറി ആണ് ആക്രമിച്ചത്.കുറെയാളുകള്‍ തങ്ങളുടെ മുറിയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയും പാസ്പോര്‍ട്ട്‌ ആവശ്യപ്പെടുകയും ചെയ്തു എന്നും തങ്ങളുടെ സ്യൂട്ട്കേയ്സുകള്‍ തുറന്നു പരിശോധന നടത്തി എന്നുമാണ് യുവതികളുടെ ആരോപണം.സ്യൂട്ട്കേയ്സുകളുടെ താക്കോലുകള്‍ക്കായി തങ്ങളെ വസ്ത്രമഴിച്ചു പരിശോധന നടത്തി എന്നും യുവതികള്‍ ആരോപിക്കുന്നു.

രണ്ടു യുവതികള്‍ തങ്ങളുടെ ജോലി സ്ഥലത്ത് നിന്നും മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.തങ്ങളെ കാറിനുള്ളില്‍ തടഞ്ഞു വെച്ചെന്നും കാറിനുള്ളില്‍ ഇരിക്കുന്ന അവസ്ഥയില്‍  പരിശോധനയ്ക്കായി മൂത്രത്തിന്റെ സാമ്പിള്‍ നല്‍കാന്‍ നിര്‍ബ്ബന്ധിച്ചു എന്നുമാണ് യുവതികള്‍ പറയുന്നത്.

തങ്ങളുടെ വീടിനുള്ളില്‍ പരിശോധന നടത്താന്‍ വന്നവരില്‍ ഒരാള്‍ സോമനാഥ ഭാരതി ആണെന്ന് ഒരു യുവതി ഇന്നലെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.പിറ്റേന്നു ചാനലില്‍ കാണുമ്പോഴാണ് അത് മന്ത്രി ആണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി പറഞ്ഞു.മുറിയിലേയ്ക്ക് വന്ന സംഘത്തിന്റെ കയ്യി നീണ്ട വടികള്‍ ഉണ്ടായിരുന്നു എന്നും അതുപയോഗിച്ചു തങ്ങളെ അടിച്ചു എന്നും യുവതി ആരോപിച്ചു. തങ്ങളെ കറുപ്പ് നിറത്തിന്റെ പേരില്‍ വംശീയമായി അധിക്ഷേപിക്കുകയും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു.കറുത്തവര്‍ ആയിപ്പോയത് തങ്ങളുടെ കുറ്റമാണോ എന്നും യുവതി ചോദിക്കുന്നു.

വരും ദിവസങ്ങളില്‍ മന്ത്രിയുടെ രാജിയിലേക്ക് നയിക്കുവാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകള്‍ ആണ് പുറത്തുവരുന്നത്‌.