ഗുരുവായൂരിലെ ജാതി വിവേചനം : അന്വേഷണത്തിന് റിട്ടയെഡ് ജഡ്ജിയെ നിയമിക്കും

single-img
22 January 2014

Kerala-Guruvayoor-templeഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യ കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ജാതിയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കിയ സംഭവം പ്രത്യേക ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണിത്‌.

കഴിഞ്ഞ ആഴ്‌ചയാണ്‌ പഞ്ചവാദ്യം അവതരിപ്പിക്കാനെത്തിയ സംഘത്തിലെ കല്ലൂര്‍ ബാബു എന്ന ഇലത്താള കലാകാരനെ അയിത്തം കല്‍പ്പിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയത്‌. സംഭവം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്ന്‌ വന്‍ പ്രതിഷേധം ഇയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്‌ക്കും ദേവസ്വം ബോര്‍ഡിനും കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ യോഗമാണ്‌ പുതിയ തീരുമാനമെടുത്തത്‌.

ക്ഷേത്രാചാരങ്ങള്‍ക്കനുസൃതമായി ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിന് വിശ്വാസികളായ എല്ലാ ഹിന്ദുക്കള്‍ക്കും അവകാശമുണ്ടെന്ന് ഭരണസമിതി അംഗീകരിക്കുന്നതായി അഡ്മിനിസ്ട്രേറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിലും 11 കീഴേടം ക്ഷേത്രങ്ങളിലും അയിത്താചരണം നിലനില്‍ക്കുന്നില്ളെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അയിത്താചരണമുണ്ടെന്നുള്ള ചില സംഘടനകളുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്.

കല്ലൂര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയെന്ന് പറയുന്ന സംഭവം ദേവസ്വം നേരിട്ട് നടത്തിയ ചടങ്ങിലല്ല അരങ്ങേറിയത്. ബാബുവിനെ ദേവസ്വമോ ഭാരവാഹികളോ ജോലിക്കാരോ തടസ്സപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് ബാബുവോ, ആഘോഷം നടത്തിയവരോ, ബാബു പങ്കെടുത്ത മേളത്തിന്‍റെ പ്രമാണിയോ മേളക്കാരോ പരാതി നല്‍കിയിട്ടില്ളെന്നും അഡ്മിനിസ്ട്രേറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രതിഷേധ സമരങ്ങളില്‍ നിന്നും എല്ലാവരും പിന്‍വാങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.