എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിൽ: കെ.വി. തോമസ്‌

single-img
21 January 2014

K_V_THOMASആധാര്‍ കാര്‍ഡ്‌ വിതരണവും ബാങ്ക്‌ അക്കൗണ്ടുകളുമായി ആധാര്‍ നമ്പര്‍ ലിങ്ക്‌ ചെയ്യുന്ന പ്രക്രിയയും പൂര്‍ത്തിയാകുന്നതുവരെ എല്‍.പി.ജി സബ്‌്സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഫ. കെ.വി. തോമസ്‌ അറിയിച്ചു. എല്‍.പി.ജി സബ്‌്സിഡിക്ക്‌ ആധാര്‍ സമര്‍പ്പിക്കേണ്ട തിയതി ഫെബ്രുവരി വരെ നീട്ടി നല്‍കിയിട്ടുണ്ട്‌. ഇതിനകവും ആധാര്‍ കാര്‍ഡ്‌ വിതരണവും ബാങ്ക്‌ അക്കൗണ്ടുകളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കലും പൂര്‍ത്തിയാകില്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ്‌ താനടക്കം കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. എൽ .പി.ജി സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത എണ്ണക്കമ്പനി, ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.എറണാകുളം ജില്ലയില്‍ എല്‍.പി.ജി ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്്ടറേറ്റില്‍ ഫെബ്രുവരി ഒന്നിന് ഹെല്‍പ് ഡെസ്ക് ആരംഭിക്കും. ആധാര്‍ കാര്‍ഡ്, എല്‍.പി.ജി സിലിണ്ടര്‍ വിതരണം, സബ്്സിഡി, ഗ്യാസ് ഏജന്‍സികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളില്‍ ഹെല്‍പ് ഡെസ്കില്‍ പരിഹാരം തേടാം.ഒന്നിലേറെ ബാങ്ക്‌ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചവരാണ്‌ സബ്‌സിഡി ലഭിക്കുന്നില്ലെന്ന്‌ പരാതിപ്പെടുന്നത്‌. ഇവര്‍ ആധാര്‍ നമ്പര്‍ അവസാനം ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്കൗണ്ടിലാണ്‌ സബ്‌സിഡി എത്തുക. അക്കൗണ്ടുകള്‍ പരിശോധിച്ച്‌ ഇത്‌ ഉറപ്പു വരുത്തണം. എല്‍.പി.ജി ഗോഡൗണുകള്‍ക്ക്‌ ഏഴ്‌ മീറ്റര്‍ റോഡ്‌ സൗകര്യം അടക്കമുള്ള കര്‍ശന വ്യവസ്‌ഥകള്‍ മൂലം സംസ്‌ഥാനത്ത്‌ ഏജന്‍സികള്‍ അനുവദിക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നതായി കമ്പനികള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.