ആർ .എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം :വിധി ബുധനാഴ്ച

single-img
21 January 2014

tpആർ .എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിന്റെ വിധി ബുധനാഴ്ച എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി പറയും.മാറാട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ആര്‍. നാരായണപിഷാരടിയാണു നാളെ രാവിലെ വിധി പ്രഖ്യാപിക്കുക. ടി.പി. കൊല്ലപ്പെട്ട്‌ ഒരുവര്‍ഷവും എട്ടുമാസവും 18 ദിവസവും പൂര്‍ത്തിയാവുന്ന വേളയിലാണു വിചാരണക്കോടതി വിധി പറയുന്നത്‌. ഇതോടനുബന്ധിച്ച് കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടിടങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇരുജില്ലകളിലും കനത്ത പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സി.പി.എം. നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ഈ കേസ്സില്‍ പത്ത് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 76 പേരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ എട്ട് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 36 പ്രതികളാണ് ബുധനാഴ്ചത്തെ വിധി കാത്തിരിക്കുന്നത്. ഇതില്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍, സി.പി.എം. കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ധനഞ്ജയന്‍ എന്നിവരും ഉള്‍പ്പെടും. സി.പി.എം. വിട്ട്‌ ഒഞ്ചിയത്ത്‌ ആര്‍.എം.പി. എന്ന വിമതസംഘടനയ്‌ക്കു നേതൃത്വം നല്‍കിയ ടി.പി.ചന്ദ്രശേഖരന്‍ 2012 മേയ്‌ നാലിനു രാത്രി പത്തേകാലോടെ വള്ളിക്കാട്‌ ടൗണിലാണു വെട്ടേറ്റുമരിച്ചത്‌.പി. മോഹനന്‍ അടക്കം മൂന്നു സി.പി.എം. നേതാക്കളും അക്രമിസംഘത്തിലെ എട്ടു പേരും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവിലാണ്. ബാക്കി 25 പേര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചു.