ടി. പി.വധം; കൂറുമാറിയ പോലീസ് ട്രെയിനിയ്‌ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയായി

single-img
21 January 2014

TP chandrashekaran - 6നളെ വിധിപറയുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ പോലീസ് ട്രെയിനി കണ്ണൂര്‍ കടന്നപ്പള്ളി കൊയക്കീല്‍ ഹൗസില്‍ എം. നവീനിനെതിരെയുള്ള അന്വേഷണം അവസാനിച്ചു. നവീനിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആണ് നവീന്‍. നവീനെ സര്‍വീസില്‍നിന്നു പുറത്താക്കുന്നതുള്‍പ്പെടെയുള്ള നട പടി സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിധിക്കുശേഷം തീരുമാനിക്കും.

പോലീസ് സെലക്ഷന്‍ ലഭിക്കുന്നതിനു മുമ്പു കണ്ണൂര്‍ മാടായി സഹകരണബാങ്ക് ജീവനക്കാരനും സിപിഎം കടന്നപ്പള്ളി പടിഞ്ഞാറേക്കര ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായി നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്താണു കേസില്‍ സാക്ഷിയാക്കുന്നത്. ഒളിവിലായിരുന്ന 13-ാം പ്രതി സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെതിരേ നല്‍കിയ മൊഴിയാണു നവീന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്.

2012 മേയ് 30നു രാത്രി എട്ടേകാലിനു 57-ാം പ്രതി കെ. അശോകനും നവീനും മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നു പോകാനൊരുങ്ങുമ്പോള്‍ 56-ാം പ്രതി സരിന്‍ ശശിയും കുഞ്ഞനന്തനും 43-ാം പ്രതി കുമാരനും അവിടേക്കു വരുന്നതു കണ്ടുവെന്നായിരുന്നു നവീന്‍ നല്‍കിയ മൊഴി. എന്നാല്‍ 67-ാം സാക്ഷിയായ നവീന്‍ വിചാരണയ്ക്കിടെ മൊഴി മാറ്റുകയായിരുന്നു.