സുനന്ദ പുഷ്കറിന്റെ മരണം : ശശി തരൂരിനെതിരെ കേസെടുത്തേക്കും

single-img
21 January 2014

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്സ ശശി തരൂരിനെതിരെ കേസെടുക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ശുപാര്‍ശ ചെയ്തേക്കും.സുനന്ദയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തീര്‍ത്തു പറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്.എസ്.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും.

സുനന്ദയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോലീസ് അന്വേഷണത്തിലൂടെ മാത്രമാണ് കണ്ടെത്താന്‍ കഴിയുക എന്നതിനാല്‍ തരൂരിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എസ്ഡിഎം ശുപാര്‍ശ ചെയ്യുക.അതേസമയം മരുന്നുകളിലെ വിഷാംശമാണ്(ഡ്രഗ് പോയിസണ്‍) മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരുന്നുകളുടെ അമിതോപയോഗമാണ് മരണകാരണമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിഷാംശമുള്ള മരുന്ന് സുനന്ദ സ്വയം കഴിച്ചതാണോ മറ്റാരെങ്കിലും ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെങ്കില്‍ കൂടി പ്രേരണാകുറ്റം ചുമത്തി തരൂരിനെതിരെ കേസെടുത്തേക്കും. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിയമമുണ്ട്.

അതുപോലെതന്നെ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ടോളം മുറിവുകളും സംശയത്തിനു ആക്കം കൂട്ടുന്നു.ഇത് ശശി തരൂരും ആയുള്ള വഴക്കിലും പിടിവലിയിലും സംഭവിച്ചതാണ് എന്ന് തരൂര്‍ തന്നെ സമ്മതിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.അങ്ങനെ ആണെങ്കില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരവും കേസേടുക്കാവുന്നതാണ്.