മുഖ്യമന്ത്രിതന്നെ ഡല്‍ഹി സ്തംഭിപ്പിച്ചു; നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

single-img
21 January 2014

Kejariwal മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സംഘവും ഡല്‍ഹി പോലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു നഗരഹൃദയത്തിലെ റെയില്‍ ഭവനു മുന്നില്‍ നടത്തിവരുന്ന സത്യഗ്രഹം മെട്രോനഗരത്തെ സതംഭിപ്പിച്ചു. സമരത്തെതുടര്‍ന്ന് നാല് മെട്രോ റെയില്‍ സ്റ്റേഷനുകള്‍ അടച്ചു. ഇത് ഡല്‍ഹി നിവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ഡല്‍ഹിയിലെ പ്രധാന കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടത് വലിയ ഗതാഗത കുരുക്കിന് വഴിവച്ചു. സമരത്തെത്തുടര്‍ന്നു മധ്യഡല്‍ഹിയില്‍ മെട്രോ റെയിലും ബസും ഓട്ടോറിക്ഷയും സര്‍വീസ് മുടങ്ങി. റിപ്പബ്ലിക്ക് ദിനത്തിനുമുമ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം രാഷ്ട്രപതിഭവന് മുന്നിലേക്ക് മാറ്റുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. മെട്രോസ്റ്റേഷനുകള്‍ അടച്ചിട്ടതിന്റെ ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മന്ത്രി രാഖി ബിര്‍ള അടക്കമുള്ള മന്ത്രിമാരും സത്യഗ്രഹം തുടരുകയാണ്. ഞായറാഴ്ചത്തെ റിപ്പബ്ലിക് ദിന റാലി നടക്കേണ്ടതിനു തൊട്ടടുത്തുള്ള റെയ്‌സിന റോഡിലാണു സമരമെന്നതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ആഫ്രിക്കന്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലം റെയ്ഡ് ചെയ്യാനുള്ള നിയമമന്ത്രി സോംനാഥ് ഭാരതിയുടെ ഉത്തരവ് പാലിക്കാത്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.