സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം ആകാം : സുപ്രീം കോടതി

single-img
20 January 2014

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഒഫിസിനെതിരെ അന്വേഷണം ആകാമെന്ന് സുപ്രീം കോടതി.മുഖ്യമന്ത്രിയുടെ ഓഫീസിനു തട്ടിപ്പില്‍ നേരിട്ട് പങ്കില്ലെന്ന മട്ടിലുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ അന്വേഷണത്തിന് തടസ്സമല്ലെന്നും  സുപ്രീംകോടതി പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണ പൊതുപ്രവര്‍ത്തകനായ   ജോയ് കൈതാരത്തിന്റെ ഹര്‍ജിയിലാണ് കോടതിയുടെ  വിധി.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷതിനെതിരെയാണ് ജോയ് കൈതാരം സുപ്രീം കോടതിയെ സമീപിച്ചത്. തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ 6,7 ഖണ്ഡികകളിലാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശമുള്ളത്. പരാതിക്കാരനായ ശ്രീധരന്‍ നായര്‍ 164 അനുസരിച്ച് നല്‍കിയ മൊഴിയും എഫ്‌ഐആറും തമ്മില്‍ വ്യത്യാസമുണ്ട്, ടീം സോളാര്‍ നല്ല കമ്പനിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നതിന് തെളിവില്ല, കമ്പനിയില്‍ നിക്ഷേപിക്കാന്‍ ശ്രീധരന്‍ നായരെ മുഖ്യമന്ത്രി നിര്‍ബന്ധിച്ചതിനു തെളിവില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. നിലവിലെ അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയില്‍ നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.