ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ നിന്നും ചവാനെ ഒഴിവാക്കണം എന്ന സി ബി ഐ യുടെ ആവശ്യം പ്രത്യേക കോടതി തള്ളി

single-img
18 January 2014

ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാന്റെ പേര് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജ്ജി തള്ളി. ഈ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ആണ് സി ബി ഐയുടെ ഹര്‍ജ്ജി ഒറ്റവരി വിധിവാചകത്തിലൂടെ തള്ളിയത്.ഇതോടെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ അശോക് ചവാന്‍ ആരോപിതനായി തുടരും.

നേരത്തേ ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപ്പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്.കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഭടന്‍മാരുടെ ആശ്രിതര്‍ക്കു വേണ്ടി നിര്‍മ്മിച്ച ആദര്‍ശ് ഫ്ളാറ്റ് രാഷ്ട്രീയക്കാരും സേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വന്തമാക്കിയെന്നതാണ് കേസ്. ചവാനുള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് 2012ല്‍ സിബിഐ കുറ്റം ചുമത്തിയിരുന്നത്.സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അശോക് ചവാനെ മാറ്റിയിരുന്നു.