ശശി തരൂരിന് പാക് മാധ്യമപ്രവർത്തകയുമായി വിവാഹേതരബന്ധം:സുനന്ദ പുഷ്കര്‍ വിവാഹ മോചനത്തിന്

single-img
16 January 2014

കേന്ദ്രമന്ത്രി ശശി തരൂരിന് ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി ഭാര്യ സുനന്ദ പുഷ്കര്‍ രംഗത്ത്‌.ലാഹോറിലെ മാധ്യമപ്രവര്‍ത്തകയായ മെഹ്ര്‍ തരാറുമായാണ് തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ ആരോപിക്കുന്നത്. മാധ്യമ പ്രവര്‍ത്തക പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റാണെന്നും സുനന്ദ ആരോപിക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായി സുനന്ദ പറയുന്നു. ഈ സാഹചര്യത്തില്‍ താന്‍ വിവാഹമോചനം ആഗ്രഹിക്കുന്നു എന്നും അവര്‍ വ്യക്തമാക്കി.ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദയുടെ ഈ വിവാദ വെളിപ്പെടുത്തലുകള്‍ .

തരൂരിന്റെ അക്കൗണ്ട് വഴി ഇന്നലെ ട്വീറ്റ് ചെയ്തത് താനെന്നും സുനന്ദ വ്യക്തമാക്കി. ഇന്നലെ തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പാക് മാധ്യമപ്രവര്‍ത്തകക്ക് സന്ദേശം പോയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഇതിന് ശശി തരൂരിന്റെ വിശദീകരണം.കഴിഞ്ഞദിവസം വൈകിട്ടാണ് തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി തരൂര്‍ ട്വീറ്റ് ചെയ്തത്. വൈകുന്നേരം 5.48നായിരുന്നു തരൂര്‍ ഈ പോസ്റ്റിട്ടത്. പാക് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ചില അനാവശ്യ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് തരൂര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്നാല്‍ തരൂരിന്റെ അക്കൗണ്ടില്‍ കയറി ഈ ട്വീറ്റുകള്‍ ഇട്ടത് താനാണെന്നാണ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സുനന്ദ വ്യക്തമാക്കുന്നത്.