എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് മല്‍സരങ്ങളുമായി ‘ടെക്‌ഫെസ്റ്റ്’ വയനാട്ടില്‍

single-img
16 January 2014

logo1തിരുവനന്തപുരം: നൂതനങ്ങളായ സാങ്കേതിക ഉല്‍പന്നങ്ങളെയും പദ്ധതികളേയും കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 20 മുതല്‍ 22 വരെ വയനാട്ടില്‍ ‘ടെക്‌ഫെസ്റ്റ്’ എന്ന പേരില്‍ മല്‍സരം സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റര്‍ ഫോര്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റും വയനാട് ഗവ. എന്‍ജിനീയറിംഗ് കോളജും സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
എല്ലാ എന്‍ജിനീയറിംഗ് കോളജുകളിലേയും പോളിടെക്‌നിക്കുകളിലേയും വിദ്യാര്‍ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. ഇരു വിഭാഗത്തിലും വെവ്വേറെ സമ്മാനങ്ങള്‍ നല്‍കും. വ്യക്തിഗതമായോ അഞ്ചുപേരില്‍ കൂടാത്ത സംഘമായോ മല്‍സരത്തിന് അപേക്ഷ നല്‍കാം. ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് പ്രശസ്തിപത്രത്തിനൊപ്പം യഥാക്രമം 35000, 25000, 15000 രൂപ വീതം സമ്മാനത്തുകയായും ലഭിക്കും. രണ്ടു വിഭാഗത്തിലും അഞ്ചു സംഘങ്ങള്‍ക്ക് വീതം 5000 രൂപയുടെ പ്രോല്‍സാഹന സമ്മാനവുമുണ്ട്.
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴിവുറ്റ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ നൂതനങ്ങളായ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവതരിപ്പിക്കാനും അവസരമൊരുക്കുന്നതിനൊപ്പം മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കാനുള്ള അവസരവും ടെക്‌ഫെസ്റ്റ് ഒരുക്കുന്നുണ്ട്. റോബോട്ടിക്‌സ് ചലഞ്ചസ്, കോണ്‍ട്രാപ്ഷന്‍, സ്ട്രക്ചറല്‍ ഡിസൈനര്‍, എത്തിക്കല്‍ ഹാക്കിംഗ്, സര്‍ക്യൂട്ട് ഡിസൈന്‍, ട്രഷര്‍ ഹണ്ട്, സസ്റ്റയ്‌നബിലിറ്റി ചലഞ്ച്, ഡീബഗ്ഗിംഗ്, ഗയിമിംഗ് തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് ടെക്‌ഫെസ്റ്റ് സജ്ജീകരിക്കുന്നത്. മല്‍സരത്തിന്റെ വിശദാംശങ്ങള്‍ www.gecwyd.ac.in/techfest2014 എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ക്കിടയിലെ സാങ്കേതികതാല്‍പര്യം പരിപോഷിപ്പിക്കുന്നതിനായി എന്‍ജിനീയറിംഗ് കോളജുകളിലേയും പോളിടെക്‌നിക്കുകളിലേയും വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ടെക്‌നിക്കല്‍ ക്വിസ്സും ടെക്‌ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. ഓരോ സ്ഥാപനത്തില്‍ നിന്നും രണ്ടു വീതം ടീമുകളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഫൈനല്‍ മല്‍സരം ടെക്‌ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.
വയനാട് ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിവിധ ലബോറട്ടറികളുടെ ഓപ്പണ്‍ ഹൗസും വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയും പൊതു- സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെയും സാങ്കേതിക പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. ഇത് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഓര്‍ഗനൈസിംഗ് സെക്രട്ടറി, ടെക്‌ഫെസ്റ്റ് 2014, ഗവ. എന്‍ജിനീയറിംഗ് കോളജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി – 670644 എന്ന വിലാസത്തില്‍ അയക്കണം. ഫോമിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയും പ്രൊജക്ടിന്റെ വിശദാംശങ്ങളും കോഓര്‍ഡിനേറ്റര്‍ക്ക് [email protected] എന്ന ഇ മെയില്‍ വിലാസത്തിലും അയച്ചുകൊടുക്കാവുന്നതാണ്.