നിത്യഹരിതനായകന്‍ ഓര്‍മ്മയായിട്ട് കാല്‍ നൂറ്റാണ്ട്

single-img
16 January 2014

മലയാളത്തിന്റെ സ്വന്തം നിത്യഹരിത നായകന്‍ പ്രേം നസീര്‍ വിടവാങ്ങിയിട്ടു ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. 1952-ല്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നു വന്ന പ്രേം നസീര്‍ തന്റെ അഭിനയ ജീവിതത്തിന്റെ മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ അറുനൂരില്‍പ്പരം ചിത്രങ്ങളില്‍ നായകാനായി വേഷമിട്ടു. ഏറ്റവുമധികം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് ലോകറെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമാണ്. അറുനൂറിലേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ച പ്രേംനസീര്‍ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുഗു ചിത്രങ്ങളിലും രണ്ട് കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത്  130 ചലച്ചിത്രങ്ങളില്‍ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്. 1979-ല്‍ മാത്രം അദ്ദേഹത്തിന്റെ 39 ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങി.

മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചു രാജ്യം അദ്ദേഹത്തെ പദ്മഭൂഷന്‍, പദ്മശ്രീ എന്നീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം 1992-ല്‍ പ്രേം നസീര്‍ പുരസ്കാരം ഏര്‍പ്പെടുത്തി.ഫാന്‍സ്‌ അസോസിയേഷനുകളുടെ ബഹളങ്ങള്‍ ഇല്ലാതിരുന്ന കാലത്തും ജനമനസ്സുകളില്‍ നിത്യഹരിതനായകനായി വിലങ്ങിയ നസീര്‍ മലയാളിയുടെ പൌരുഷ സങ്കല്‍പ്പങ്ങളുടെ പ്രതിരൂപമായിരുന്നു.

1925 ഏപ്രില്‍ 7-നു ചിറയിന്‍കീഴില്‍ ജനിച്ച നസീറിന്റെ യഥാര്‍ത്ഥ പേര് അബ്ദുള ഖാദര്‍ എന്നായിരുന്നു. രണ്ടാമത്തെ ചിത്രമായ  വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ തിക്കുറിശി സുകുമാരന്‍ നായര്‍ ആണ് ഇദ്ദേഹത്തിനു പ്രേം നസീര്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. ധ്വനി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1989 ജനുവരി 16-നു അദ്ദേഹം ഈ ലോകത്തോട്‌ വിടവാങ്ങിയിട്ടു ഇന്ന് ഇരുപത്തിയഞ്ച് വര്ഷം തികയുന്നു.