ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ബ്രിട്ടന്‍ സഹായം നല്‍കിയതായി തെളിവില്ലെന്ന് ഡേവിഡ് കാമറൂണ്‍

single-img
16 January 2014

അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് ബ്രിട്ടന്റെ പ്രത്യേക സേന എന്തെങ്കിലും സഹായം നല്‍കിയതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ .ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സഹായിക്കാന്‍അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഉദ്യോഗസ്ഥനെ അയച്ചുവെന്നായിരുന്നു ബ്രിട്ടീഷ് ആര്‍ക്കൈവ്‌സ് പുറത്തു വിട്ട കത്തുകളിലുണ്ടായിരുന്നത്. സുവര്‍ണക്ഷേത്ര നടപടിക്ക് പദ്ധതി തയ്യാറാക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ സഹായിച്ചുവെന്നും ഈ പദ്ധതി ഇന്ദിരാഗാന്ധി അംഗീകരിച്ചെന്നും ആര്‍ക്കൈവിന്റെ രേഖകളിലുണ്ടായിരുന്നു.

ഇത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനോട് ഇന്ത്യ ചൊവ്വാഴ്ച വിശദീകരണം തേടിയിരുന്നു. ഇന്ത്യന്‍ സൈന്യം സ്വന്തം നിലയിലാണ് നടപടി സ്വീകരിച്ചതെന്ന ഓപ്പറേഷന്റെ നേതൃനിരയിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി ഇതുവരെ ഒരുതെളിവും ലഭിച്ചിട്ടില്ലെന്ന് കാമറോണ്‍ .ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു.

കുപ്രസിദ്ധമായ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്റെ ഭാഗമായി ആയിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന്റെ പ്രത്യാഘാതമായി ഇന്ദിരാഗാന്ധി അവരുടെ സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റു മരിക്കുകയും ചെയ്തു.