സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയില്ല : കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന സാഹചര്യമെന്നു പിണറായി

single-img
15 January 2014

pinarayiജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ജനങ്ങളെ ഭരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.പാചകവാതകം ഉള്‍പ്പടെയുള്ള ആവശ്യസാധങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചു സി പി എം നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം കൊച്ചിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.റിലയന്‍സ് പോലെയുള്ള കമ്പനികള്‍ക്ക് കൊള്ളലാഭത്തിനു വേണ്ടിയാണ് വിലവര്‍ദ്ധിപ്പിച്ചതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പിണറായി പറഞ്ഞു.

ഓരോ നിയോജകമണ്ഡലത്തിലെയും പത്തു സ്ഥലങ്ങളില്‍  വീതം 1400 കേന്ദ്രങ്ങളിലായി ആണ്  സി പി എമ്മിന്റെ നിരാഹാരസമരം നടക്കുന്നത്.വികേന്ദ്രീകൃത നിരാഹാരസമരം എന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് എന്ന് സി പി എം അവകാശപ്പെടുന്നു.തിരുവനന്തപുരത്ത് സമരം സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.