ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി മകരജ്യോതി തെളിഞ്ഞു
15 January 2014
ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വ്രതശുദ്ധിയുടെ നിറവില്‍ തീര്‍ഥാടകര്‍ക്ക് അസുലഭ മുഹൂര്‍ത്തത്തിന്റെ പുണ്യമേകി മലമുകളില്‍ മകരജ്യോതി തെളിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 6.40നാണ് മകരജ്യോതി തെളിഞ്ഞത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ സന്നിധാനത്ത് മകരജ്യോതി ദര്‍ശിക്കാന്‍ കാടുമേടും നിറഞ്ഞ് ഭക്തജനപ്രവാഹമായിരുന്നു. പര്‍ണശാലകള്‍ തീര്‍ത്തും ജ്യോതിദര്‍ശനത്തിനു സാധ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു ഭക്തലക്ഷങ്ങളാണ് കാത്തിരുന്നത്.
പന്തളത്തുനിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ട് ആറോടെ തിരുവാഭരണ പേടകങ്ങള്‍ ശരംകുത്തിയിലെത്തി. വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകമ്പടിയോടെ തിരുവാഭരണങ്ങള്‍ സന്നിധാനത്തേക്ക് എഴുന്നള്ളി. 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.