സിറിയന്‍ ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്ക് അടിയന്തിര സഹായം എത്തിക്കണം എന്ന്‍ ബാന്‍ കിമൂണ്‍

single-img
15 January 2014

സിറിയയിലെ ജനസംഖ്യയില്‍ പകുതിയിലേറെപ്പെര്‍ക്കും അടിയന്തിരമായി സഹായം എത്തിക്കേണ്ടതുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണ്‍ പറഞ്ഞു. കുവൈറ്റില്‍ നടന്ന സാമ്പത്തിക സഹായ ദാതാക്കളുടെ ഒരു യോഗത്തിലാണ് ബാന്‍ കിമൂണ്‍ ഇങ്ങനെ പറഞ്ഞത്. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് സിറിയയില്‍ സഹായമെത്തിക്കാന്‍ മാത്രം ഐക്യരാഷ്ട്രസഭയ്ക്ക് ആറര ബില്ല്യന്‍ ഡോളര്‍ വേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ദുരന്തത്തിന് മാത്രമായി വേണ്ടിവന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്.ഏതാണ്ട്  93 ലക്ഷം ജനങ്ങള്‍ക്ക് സഹായം എത്തിക്കേണ്ടി വരും.

ഇതുവരെ ഒരു ലക്ഷത്തിലധികംപേര്‍ മരിച്ചതായും ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തിനകത്തും പുറത്തുമായി അഭയാര്‍ഥികളാക്കപ്പെട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അഭയാര്‍ഥി ക്യാമ്പുകളിലടക്കം ആളുകള്‍ പട്ടിണികൊണ്ട് മരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടെ കുവൈറ്റ് അമ്പത് കോടി ഡോളറിന്റെയും ബ്രിട്ടന്‍ പതിനാറു കോടി ഡോളറിന്റെയും അമേരിക്ക മുപ്പത്തിയെട്ട് കോടി ഡോളറിന്റെയും സഹായം വാഗ്ദാനം ചെയ്തു.