ആപ്പില്‍ യുദ്ധം തുടങ്ങി; വാഗ്ദാന ലംഘനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളെ കാണുമെന്ന് എം.എല്‍.എ: ഇഷ്ടമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് എ.എ.പി

single-img
15 January 2014

Binnyഡല്‍ഹിയില്‍ അധികാരത്തിലെത്തി ഒരു മാസം പിന്നിടുന്നതിനു മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ യുദ്ധം തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ കേജ്‌രിവാളിനെതിരേ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വിനോദ് കുമാര്‍ ബിന്നി പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. ഇലക്ഷനു മുമ്പുള്ള പ്രഖ്യാപിത നയങ്ങളില്‍നിന്ന് പാര്‍ട്ടിയും സര്‍ക്കാരും പിന്നാക്കം പോവുകയാണെന്ന് ആരോപിച്ചാണ് എംഎല്‍എ കേജ്‌രിവാളിനെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.

കെജരിവാള്‍ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ നാളെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിനെതിരേയുള്ള പരാതികള്‍ ജനങ്ങള്‍ കൂടി അറിയുന്നതിനാണ് പത്രസമ്മേളനം നടത്തുന്നതെന്ന് ബിന്നി വ്യക്തമാക്കി. എന്നാല്‍ എംഎല്‍എയുടെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം.

ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളോടു യോജിപ്പില്ലാത്ത ആര്‍ക്കും പാര്‍ട്ടി വിട്ടു പോകാമെന്ന് എഎപി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വ്യക്തിപരമായ താല്‍പ്പര്യങ്ങളുള്ളവര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനേക്കാള്‍ മികച്ചൊരു സര്‍ക്കാരിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്നും ബിന്നി ഇപ്പോള്‍ സൃഷ്ടിക്കുന്ന കലാപം ദുരൂഹമാണെന്നും അരവിന്ദ കേജ്‌രിവാപറഞ്ഞു.

ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതാകാം ഇപ്പോഴത്തെ കലാപത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദ് കുമാര്‍ ബിന്നി ആദ്യം മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നു. അതു നിഷേധിച്ചപ്പോള്‍ ലോക്‌സഭാ ടിക്കറ്റ് വേണമെന്നായി. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കേജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ കേജ്‌രിവാള്‍ നുണയനാണെന്നും ലോക്‌സഭാ സീറ്റുകളെക്കുറിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ബിന്നി പറഞ്ഞു.