ബൈക്കും പോലീസ് ജീപ്പും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

single-img
14 January 2014

bloodപോലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മണക്കാട്ട്്് ടോള്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച രാവിലെ 8.40-ഓടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മരണമടഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് മെസ്സ് ജീപ്പ് എതിര്‍വശത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനായ മറ്റൊരാള്‍ തല്‍ക്ഷണം മരിച്ചു. ഒരാളെ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.

തല്‍ക്ഷണം മരിച്ചയാളുടെ സ്ഥലത്ത് നിന്നും നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് സംഭവ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.

അപകടത്തെക്കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ടി.വിജയനോട് ആവശ്യപ്പെട്ടു.