മകരവിളക്ക്: ശബരിമലയിലേക്കു തീര്‍ഥാടക പ്രവാഹം

single-img
13 January 2014

sabarimala_death2മണ്ഡലമകരവിളക്കിന് ഒരു ദിനം മാത്രം ശേഷിക്കേ ശബരിമലയിലേക്കു തീര്‍ഥാടക പ്രവാഹം. ശനിയാഴ്ചയും ഞായറാഴ്ചയും കോട്ടയത്തും എരുമേലിയിലും അഭൂതപൂര്‍വമായി തിരക്കാണു അനുഭവപ്പെട്ടത്. തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

കോട്ടയം ഡിപ്പോയില്‍നിന്നു 55 ബസുകളാണു പമ്പയിലേക്കു സ്‌പെഷല്‍ സര്‍വീസിനായി അയയ്ക്കുന്നത്. ശനിയാഴ്ച കോട്ടയം ഡിപ്പോയ്ക്കു സ്‌പെഷല്‍ സര്‍വീസില്‍നിന്നും ലഭിച്ചത് 17,90,000 രൂപയാണ്. 160 ട്രിപ്പുകളാണു പമ്പയ്ക്ക് അയച്ചത്. ഇന്നലെ രാത്രി പത്തു വരെ 170 ട്രിപ്പുകള്‍ പമ്പയ്ക്കും എരുമേലിക്കുമായി കോട്ടയത്തുനിന്ന് അയച്ചിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്കായി പോലീസ് സ്‌റ്റേഷന്‍ മൈതാനത്താണു ബസുകള്‍ പാര്‍ക്കു ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനു മുമ്പിലും ആര്‍പിഎഫിനു മുമ്പിലും എപ്പോഴും ബസുകള്‍ ഉണ്ടാകും. സ്‌പെഷല്‍ ട്രെയിനുകള്‍ എത്തുമ്പോള്‍ കൂടുതല്‍ ബസുകള്‍ ഇവിടേക്ക് എത്തിക്കും. മൂന്നു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകള്‍ മാത്രമാണ് സ്‌പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. തീര്‍ഥാടകര്‍ക്കു സംഘമായി യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.