ആരുമങ്ങനെ സന്തോഷിക്കേണ്ട; ഉടന്‍തന്നെ ഡീസലിനും എല്‍പിജിക്കും വില കൂട്ടും

single-img
13 January 2014

gasഡീസലിനും പാചകവാതകത്തിനും വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഡീസലിന് ലിറ്ററിന് രണ്ടു രൂപയും എല്‍പിജി സിലിണ്ടറിന് 70 മുതല്‍ 100 രൂപ വരെയും കൂട്ടാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയത്.

അതിനിടെ സബ്‌സിഡി നിരക്കില്‍ വര്‍ഷം തോറും നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആയി ഉയര്‍ത്തിയേക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്ന ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്നത്. നിലവില്‍ പ്രതിവര്‍ഷം 3,300 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത്. സിലിണ്ടറുകളുടെ എണ്ണം 12 ആക്കുമ്പോള്‍ ഇത് 5,800 കോടി രൂപയായി ഉയരും. ഇതു മുന്നില്‍ കണ്ടാണ് വില വര്‍ധനയ്ക്ക് മന്ത്രാലയം ആലോചിക്കുന്നത്. വില കൂട്ടാനുള്ള നിര്‍ദ്ദേശവും സിലിണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനവും അടുത്ത മന്ത്രിസഭായോഗത്തില്‍ വെയ്ക്കും. മന്ത്രിസഭയുടെ അനുമതിയോടെയാവും തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക.